Wednesday, December 14, 2016

അധികാരം


ഏകാന്തം
ചൂട്

ഞാന്‍ നിന്നില്‍
അഭയം തേടുന്നു .

തണുപ്പ്

നീ എന്നില്‍
അഭയം തേടുന്നു.

ഇപ്പോള്‍
നീയില്ലാതായപ്പോള്‍

ഞാനാകെ
ചുട്ടുപൊള്ളുന്നു .
Thursday, October 27, 2016

ചിറകുള്ള കവിത

അനായാസം
കവിതയായി മാറുന്ന
വരികള്‍ക്ക്
ചിറകുകളുണ്ടായിരിക്കും  .

മറവിക്ക്‌ പുരട്ടാവുന്ന
പ്രണയ ലേപനം പോലെ
ആര്‍ദ്രമായ
തണുപ്പുള്ളവയായിരിക്കും .

ഓരോ തവണയും
ചിറകൊതുക്കി ,
അടയിരുന്ന് ;
പുതിയ കവിതയായി
വിരിയും.

എഴുത്തുകാരനില്‍ നിന്നും
വിടുതി തേടി
കവിതയുടെ
വിശാലമായ ആകാശത്തേക്ക്
ചിറകടിച്ചുയരും.

Monday, October 17, 2016

പെണ്ണൊരുക്കം

ശരീരത്തിന്റെ
കടങ്കഥയാണിത്‌

ഒരു പുരുഷന്
അളന്നെടുക്കാവുന്ന
കടലിനേക്കാള്‍ കൂടുതല്‍ ;

ഒരു സ്ത്രീക്ക്
നെഞ്ചോടു ചേര്‍ക്കാവുന്ന
കടലോളം.

സൂചി മുനയില്‍
കറങ്ങുന്ന കടങ്കഥ
പുരുഷനെ കുതറുവാന്‍
പെണ്ണൊരുക്കം നടത്തുന്നു.


Saturday, July 30, 2016

മുറിവടയാളങ്ങള്‍

അവരിരുവരും
മുറിവടയാളങ്ങളുടെ
ഭൂപടം കാണിച്ചു തന്നു.

കൈകളില്‍
ആയുധങ്ങള്‍
പെരുമാറിയതിന്‍റെ
മുറിവ് വേട്ടക്കാരന്‍റെ തെളിവ്.

മുതുകില്‍
വാള്‍ത്തല പാഞ്ഞതിന്‍റെ മുറിവ്
ഇരയുടെ വിലാപം.

മുറിവുകളില്‍
ചോര കിനിയുന്നുണ്ട്.

മുറിവ്
മധുരത്തിന്‍റെ ഉപമയെന്ന്
വേട്ടക്കാരന്‍.
മധുരം നുകരുന്ന പൂമ്പാറ്റയോളം
മുറിവിനെ അയാള്‍ നുണയുന്നു.

മുറിവ്
മുതുകത്ത് കെട്ടിവെച്ച
വീടിന്‍റെ ഉപമയെന്ന് ,ഇര.
പുറന്തോട്  വലിച്ചിഴച്ചു
കൊണ്ടു പോകുന്ന
ഒച്ചിന്‍റെ പതര്‍ച്ചയോടെ
മുറിവയാളെ  പിന്തുടരുന്നു.


Tuesday, January 19, 2016

സില്‍മാനിരൂപണം
     പാലക്കാട്ടെ പ്രമുഖ തിയ്യറ്റര്‍ പരിസരത്ത്  ലോട്ടറി ടിക്കറ്റ്  വിറ്റുനടക്കുകയായിരുന്നു അംബരീഷ്. സിനിമാകൊട്ടകയിലെ തിരക്കാണ്  അയാളുടെ അന്നം . ലോട്ടറി വില്‍ക്കാം( ചെറിയ തോതില്‍ കരിഞ്ചന്തയില്‍ സിനിമാ ടിക്കറ്റ്  വില്‍ക്കുകയും  ചെയ്യാം) . മലയാള സിനിമയിലെ നിര്‍മാതാക്കളും സംവിധായകരും തിരക്കഥാകൃത്തുക്കളും കൊണ്ടുപിടിച്ച്  തിരക്കുള്ള പടങ്ങള്‍ എടുക്കട്ടേയെന്ന്‍  അയാള്‍ നിത്യേന പ്രാര്‍ത്ഥിക്കുന്നു .
     അങ്ങനെയിരിക്കെ ' പ്രേമം ' പുറത്തിറങ്ങി . നീണ്ട താടിയും കറുത്ത ഷര്‍ട്ടുമിട്ട ചെക്കന്മാരുടെ തള്ളികയറ്റം. ടിക്കറ്റു കിട്ടാതെ നിരാശരായി പോകുന്ന കമിതാക്കള്‍.
" എട്ടേ ടിക്കറ്റുണ്ടോ ? " ഒരു പയ്യന്‍ പ്രതീക്ഷ കൈവിടാതെ ചോദിക്കുന്നു.അവനറിയാം കരിഞ്ചന്തയില്‍ ടിക്കറ്റു വില്‍ക്കുന്നവന്റെ പ്രകൃതം . അംബരീഷ്  പുഞ്ചിരിച്ചു .
" ഒന്നു ബാക്കിയുണ്ട് " അംബരീഷ് കൊളുത്തിട്ടു .
"ഒന്നു പോര " നിരാശയോടെ പയ്യന്‍ കുറച്ചപ്പുറത്ത്‌  മാറിനില്‍ക്കുന്ന പെണ്‍കുട്ടിയെ നോക്കി.
"ത്തിരി കൂടും " മാന്ത്രികന്റെ വിരുതോടെ അംബരീഷ്  പറഞ്ഞു .
"ഓ...റെഡി  "
നിമിഷനേരം കൊണ്ട് കച്ചവടം നടന്നു.അംബരീഷിനെ നന്ദിയോടെ വണങ്ങി അവരിരുവരും തിയ്യറ്ററിനകത്തേക്കു കുതിച്ചു.
     ഇതു കൊള്ളാമല്ലോ .അംബരീഷിലെ 'സില്‍മാനിരൂപകന്‍' ഉണര്‍ന്നു. ആളുകളെ കയറ്റാനുള്ള രസതന്ത്രം മനസ്സിലാക്കാന്‍ പടം കാണാന്‍ തീരുമാനിച്ചു . പലവട്ടം ടിക്കറ്റെടുത്തു . അപ്പോഴൊക്കെ അത്യാവശ്യക്കാര്‍ വട്ടം കൂടി . പണത്തിന്റെ കിലുക്കം , പ്രലോഭനം . പടം നാളേയും കാണാം . കച്ചവടം നടക്കട്ടെ . അങ്ങനെയങ്ങനെ അംബരീഷിലെ 'സില്‍മാനിരൂപകന് ' വാട്ടം സംഭവിച്ച ഒരു ഉച്ച നേരത്താണ്  സിനിമ കണ്ടത് .നിരൂപണം പകര്‍ത്തി വെക്കാനുള്ള പ്രതിഭ അപ്പോഴേക്കും കൈമോശം വന്നിരുന്നു.
    മലയാള സിനിമയിലെ നിര്‍മാതാക്കളെയും  സംവിധായകന്മാരെയും  തിരക്കഥാകൃത്തുക്കളെയും സഹായിക്കാനുള്ള ഒരു എളിയ പരിശ്രമം അങ്ങനെ രേഖപ്പെടുത്താതെ പോയി.