Monday, January 26, 2015

ആദ്യ ' രാത്രി ഷിഫ്റ്റ്‌ 'ആദ്യ  ' രാത്രി ഷിഫ്റ്റില്‍ '
ഉപ്പന്റെ മൂളലില്ല ,
ചീവീടിന്റെ കാഹളമില്ല ,
ഫോണ്‍ ചിലയ്ക്കുന്നു .

സൌമ്യമായി ചോദിച്ചു :
"ഞാന്‍ എങ്ങനെയാണ്
സഹായിക്കേണ്ടത് ? "

ഗോളത്തിന്റെ
മറുതലയില്‍ നിന്ന് മറുപടി:

"അവിടെയിപ്പോള്‍
രാത്രിയല്ലേ ,
മുല്ലപ്പൂ മണമല്ലേ ,
മൈലാഞ്ചി ചോപ്പല്ലേ ,
ഉറക്കമായോ ? "

"ആരാണ്  നിങ്ങള്‍ ?"

മറുപടിയില്ല .

ഗോളത്തിന്റെ മറുതലയില്‍
എന്റെ രാത്രിയെ പകലുകൊണ്ട്
അപഹരിക്കുവാന്‍
ഭൂമിയിലേക്ക്‌  കാലും
ആകാശത്തേക്ക് തലയും വിരിച്ചിട്ട്
അവന്‍ അമ്മാനമാടുന്നുണ്ടാകും.

Wednesday, January 21, 2015

ഉണ്മ

ഉണ്മയുടെ നൂലുകള്‍
ഭൂമിയിലെമ്പാടും 
വിതറിയിട്ടാണ്  
ഇടിമിന്നല്‍ പിന്‍വാങ്ങിയത് . 

മഴയുടെ നൂലുകളാണെന്നു കരുതി 
ആരുമതത്ര കാര്യമാക്കിയില്ല . 
അറിഞ്ഞു വന്നപ്പോഴേക്കും 
തകര്‍പ്പന്‍ മഴ !

മഴ നനയാതെ 
മഴയുടെ ഇടയിലൂടെ തിരഞ്ഞാല്‍ 
ഉണ്മയുടെ മഴവില്‍ചന്തം.

Monday, January 19, 2015

പെരുമാള്‍ മുരുഗനോട്ചുണ്ടുകള്‍ ;
വിറയ്ക്കാനുള്ളത് ,
അനുസരണയുടെ ഒച്ച തുറക്കാനുള്ളത് .

വിവേകം ;
ഒതുങ്ങാനുള്ളത്
കൂട്ടത്തില്‍ ഒറ്റപ്പെടാതിരിക്കാനുള്ളത്  .

കണ്ണുകള്‍ ;
ഭയത്താല്‍  വിടരേണ്ടത്
ആജ്ഞകള്‍ വേഗത്തില്‍ കാണാനുള്ളത് .

വാക്കുകള്‍ ;
തുള്ളി തുള്ളിയായി  മൂത്രിക്കേണ്ടത്
ഏറെ വെള്ളത്താല്‍ നേര്‍പ്പിക്കേണ്ടത് .

ത്വക്കുകള്‍ ;
എഴുത്തുകാരാ.......
ത്വക്കുകള്‍ നിന്റെ
തെര്‍മോമീറ്റര്‍  ആകയാല്‍ ,
വിശേഷപ്പെട്ടൊരു കൂട്ടുണ്ട്
ഞങ്ങള്‍ തിന്നത്തിന്റെ  എച്ചിലിലകളില്‍ .
വന്നുരുളുക , മോക്ഷം നേടുക.

അതില്‍ കവിഞ്ഞൊന്നും
നീയില്ല .

ഇങ്ങനെയൊന്നുമല്ലെങ്കില്‍
പെരുമാള്‍ മുരുഗാ
എങ്ങനെയാണ്  നിന്നോട്
കാല്പനികമായ
ഒരൊത്തുതീര്‍പ്പിലെത്തുക . 

Friday, January 16, 2015

കവിത എഴുതുമ്പോള്‍എന്റെ മുറിയിലേക്ക് ,
എന്നിലേക്ക്‌
നീയൊന്ന്  എത്തി നോക്കുക

 ഭൂമിയോളംവലിയ
പേടികളില്‍ നിന്നും
എന്നെയുണര്‍ത്തുവാന്‍
ഇടയ്ക്കൊന്നു  തൊട്ടുക.

വിശ്വസനീയമായ
ഏറ്റവും ലളിതമായ ഭാവന
നീയും ഞാനുമാണ് ;
നമ്മുടെ ജീവിതമാണ് .

കവിതയുടെ ഉറവയല്ല
നീയുണ്ടെന്ന ഉറപ്പാണ്‌
എന്നില്‍
ചിറകുകളായി വിരിയുന്നത്  .Monday, January 12, 2015

താക്കോല്‍


വീടിന്റെ ,
അലമാറയുടെ , 
വാഹനത്തിന്റെ 
താക്കോലുകള്‍ 
മറന്നിട്ടില്ല . 

പക്ഷെ 
മറന്നത്  
ഓര്‍മയുടെ താക്കോലാണ് . 

മൈതാനത്ത് 
ഉച്ചവെയിലിന്റെ വെറുപ്പില്‍ 
അയാള്‍ ചോദിച്ചു :

"ഹിന്ദുവാണെന്നത്  ഓര്‍മയില്ലേ ?"

ഓര്‍മയുടെ താക്കോല്‍ 
 തിരഞ്ഞു നോക്കി 
കണ്ടില്ല !

"നമ്മളല്ലേ ആദ്യം വിമാനം പറത്തിയത്  ?
പ്ലാസ്റ്റിക് സര്‍ജറി കണ്ടെത്തിയത് ?
ജീന്‍ , ജീനോം, ഗോളാന്തര യാത്ര 
കമ്പി,കുപ്പിച്ചില്ല് ..........."

"ഓര്‍മ വേണം
ജന്മാന്തരങ്ങളുടെ ഉയിരുവേണം 
കളഞ്ഞു പോകരുതിനിമേല്‍;
ഇതാണോർമയുടെ 
പുത്തൻ താക്കോലുകൾ  "

തിരക്കിയാണെങ്കിലും
കൈപ്പറ്റണം
തലയോട്ടിയോടൊട്ടുന്ന 
മേല്‍ത്തരം മുഖംമൂടി


'വീട്ടിലേക്കു തിരിച്ചു പോകവേ'
അഴിച്ചു കളയണം മൃദുവായ 
കൈപ്പത്തികൾ , കാല്പാദങ്ങൾ
കണ്ണീരു പൊടിയുന്ന ധമനികൾ 


Saturday, January 10, 2015

കമ്പോളപൊട്ടന്‍ !!!കമ്പോളങ്ങളായ കമ്പോളങ്ങളൊക്കെ
 നിരങ്ങിയാലും
ഇതുപോലെ
ജീവിതാസക്തിയുള്ള
ഒരു ചരക്കിനെ കിട്ടില്ല .

നടന്നു നടന്ന്  ചെരുപ്പു തേഞ്ഞാലും
ഇവിടേക്കുതന്നെ
തിരിച്ചു വരേണ്ടിവരും .

അപ്പോള്‍ ഇതുപോലെ ആവില്ല ;
വിലപേശാന്‍ ഇടം തരില്ല .
ജീവിതാസക്തി നഷ്ടമായ
ഒരു ചരക്കിനെയായിരിക്കും കിട്ടുക .


Thursday, January 1, 2015

ജി.പി.എസ്പറഞ്ഞു കേട്ട വഴി
നരച്ച ചെമ്മണ്‍പാതയാണ് .
ഇപ്പോള്‍ ഇതാകെ
പൂത്തുലഞ്ഞു നില്‍ക്കുന്ന
വസന്തത്തിന്റെ കുഴല്‍വിളി;
മഞ്ഞുതുള്ളികള്‍ വിരിയുന്ന
വഴിയോരം .

പറഞ്ഞതു തെറ്റിയോ ?
കേട്ടതു തെറ്റിയോ ?
വഴി തെറ്റിയോ !

മനസ്സില്‍ തോന്നിയ
വഴിയിലൂടെ മുന്നോട്ടു പോകെ,
സഹയാത്രികര്‍ക്കാകെ നീരസം.
ആകാശ കാഴ്ച നമുക്കില്ലല്ലോ
അപ്പോഴേ 'ജി.പി.എസ് 'നോട്  ചോദിച്ചാല്‍ പോരേ ?

അപരിചിതരോട്  ചോദിക്കണ്ട
വഴി തെറ്റാതിരിക്കാന്‍
യന്ത്രങ്ങള്‍ സഹായിക്കും.

അപ്പോള്‍
അങ്ങനെയാണ്
മനുഷ്യരേക്കാള്‍ കൂടുതല്‍
യന്ത്രങ്ങളില്‍ വിശ്വാസം വരുക.

ഇനി ഇതാണാവശ്യം

ഇരുട്ടിനെ അകത്തേക്കും
വെളിച്ചത്തെ പുറത്തേക്കും
കടത്തിവിടുന്ന ജനാല .