Tuesday, December 15, 2015

പെണ്മ

ഒരു വേലിയേറ്റം പോലെ 
നിന്നിലേക്ക്‌ ഒഴുകട്ടേയെന്ന് 
അവള്‍.  

നൊമ്പരങ്ങളുടെ കാലയളവില്‍ 
തിരമാലകളെ പ്രസവിക്കുകയായിരുന്നു 
അവളെന്ന് ഞാനറിഞ്ഞു . 

ശുഷ്കിച്ച  മുലത്തടങ്ങള്‍ 
ഒരു  ശിശുവിനെയെന്ന പോലെ 
എന്നെ ഊട്ടി. 

നിനക്ക് ദാഹിക്കുന്നുണ്ടോ ?
അവള്‍ ഭൂമിയോട് , കാറ്റിനോട് ,
അരൂപികളോട്  ചോദിച്ചു .

അവള്‍ക്കരുമയായി 
എണ്ണിയാലൊടുങ്ങാത്ത 
വെളിച്ചത്തിന്‍ തുള്ളികള്‍ 
കാറ്റിലൊലിച്ചിറങ്ങി . Monday, December 14, 2015

ഉല്പത്തി


ഏതേതു സ്വപ്നങ്ങളെ
ഇഴപിരിച്ചെടുത്താലാണ്
നീയും ഞാനും വേര്‍പിരിയുക .

എനിക്കും നിനക്കുമിടയില്‍
ഒരു വിയര്‍പ്പു കണത്തിനു മാത്രം 
ഊര്‍ന്നിറങ്ങാനുള്ള ഇടം.

ചിരിച്ചു പൂത്തുലഞ്ഞല്ലാതെ
എങ്ങനെയാണ്  
ഇനി മടങ്ങി വരാത്തൊരീ നിമിഷത്തെ
യാത്രയാക്കുക.

വിയര്‍പ്പുകണമൊരു സമുദ്രം.
നാം അകലങ്ങളിലേക്ക്
പിളര്‍ന്ന രണ്ടു കരകള്‍.

നീയാണോ,
ഞാനാണോ 
ആദ്യം തണുത്തു തുടങ്ങിയത് .Thursday, November 12, 2015

അകം പുറം


വായനക്കാരാ
നിങ്ങളുടെ
ചലന സ്വാതന്ത്ര്യമാണ്
അകത്തേയും
പുറത്തേയും
കീഴ്മേല്‍ മറിക്കുന്നത് . 

Tuesday, November 10, 2015

പട്ടം

    നല്ല കാറ്റുള്ള ഒരു വൈകുന്നേരം  മൂന്നു കുട്ടികള്‍ കുന്നിന്‍ മുകളിലേക്ക്  പട്ടം പറത്തുവാന്‍ വേണ്ടി പോയി .
   അവര്‍ക്കു മുന്നേ ആ കുന്നു കയറിയത് രാജ്യത്തിന്റെ അഭിമാനമായ, അതിവിദൂരതയിലുള്ള  ലക്ഷ്യത്തെ തകര്‍ക്കുന്ന മിസൈലായിരുന്നു.  രാജ്യത്തെ പ്രധാന നേതാക്കന്മാരും ശാസ്ത്രജ്ഞന്മാരുമാണ്  മിസൈലിനെ അനുഗമിച്ചത്.കഴിഞ്ഞ ആഴ്ച്ചയായിരുന്നത്  .
   ഗ്രാമവാസികള്‍ക്ക്  അന്ന് ആഘോഷമായിരുന്നു. പത്രത്താളുകളില്‍ മാത്രം കണ്ടിട്ടുള്ള പ്രിയ നേതാക്കള്‍. മികച്ച ഒരുക്കങ്ങളായിരുന്നു.എവിടെയും ബഹളമയം . കുന്നിനു മുകളിലേക്ക്  ആര്‍ക്കും പ്രവേശനമില്ല. തന്ത്ര പ്രധാനമായ പരീക്ഷണം. കനത്ത സുരക്ഷ. പക്ഷെ അവര്‍ അതു കണ്ടു. ഒരു തീ ഗോളം കണക്ക്  മിസൈല്‍ പായുന്നു.
   " അതാ അതാ " അവര്‍ ആര്‍പ്പു വിളിച്ചു .
കുന്നിനു മുകളില്‍ നിന്നും നീണ്ട കരഘോഷം.പരീക്ഷണം വിജയിച്ചിരിക്കുന്നു.കുന്നിനു താഴെ നിന്ന്  ഗ്രാമവാസികള്‍ ആര്‍പ്പുവിളിച്ചു.നേതാക്കന്മാരും ശാസ്ത്രജ്ഞന്മാരും അവരെ കൈകള്‍ വീശി കാണിച്ചുകൊണ്ട് കവചിത വാഹനങ്ങളില്‍ യാത്രയായി.
അന്ന്  വൈകുന്നേരം പറത്താന്‍ ഉണ്ടാക്കിയ പട്ടമാണ് കുട്ടികളുടെ കയ്യിലുള്ളത്  . കുന്നിന്‍ മുകളിലെ തിരക്ക്  ഒന്നൊഴിഞ്ഞിട്ടു  വേണ്ടേ അവിടേക്കു പോകാന്‍ . ഗ്രാമവാസികള്‍ക്ക് പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങള്‍ . പരീക്ഷണം കാണാന്‍ കഴിയാതിരുന്ന വിദൂര ദേശക്കാര്‍ ഒരു ഉല്ലാസയാത്രപോലെ കുന്നിന്‍ മുകളിലേക്ക് കയറുന്നു . ഗ്രാമവാസികളില്‍ ചിലരിപ്പോള്‍  ശാസ്ത്രജ്ഞന്മാരേക്കാള്‍ കൃത്യതയോടെ കാര്യങ്ങള്‍ വിശദീകരിക്കുന്നു.പത്രങ്ങളില്‍ വന്ന വിവരങ്ങളും ഭാവനയില്‍ വിരിയുന്ന കഥകളും ചേര്‍ത്ത്  അവര്‍ മിസൈലിനെ പലവട്ടം ആകാശത്തേക്ക് പറത്തുകയും അതിവിദൂരമായ ലക്ഷ്യത്തെ പലവട്ടം ഭേദിക്കുകയും ചെയ്തു.
   മിസൈല്‍ ഇരുന്ന ദിശയില്‍ മൂന്നു കുട്ടികളും പട്ടങ്ങളുമായി നിന്നു.മൂന്നു പട്ടങ്ങളും കാറ്റും അവരുടെ മോഹത്തെ ജ്വലിപ്പിച്ചു.
 " ഞാനാദ്യം " നന്ദു പറഞ്ഞു. അവന്റെ പട്ടം കാറ്റില്‍ ശീല്‍ക്കാരമുയര്‍ത്തി മുകളിലേക്കുയര്‍ന്നു .ചരട്  വായുവില്‍ ഇളകി .
"എവിടേക്ക് ? " അഭിയും രവിയും ചോദിച്ചു.
"ദാ .."നന്ദു വിരല്‍ ചൂണ്ടി . ദൂരെ കടുംചായങ്ങളിലുള്ള അവന്റെ പുരയിടം." അമ്മയിപ്പോള്‍ മുറ്റത്ത് ഉണക്കാനിട്ട മല്ലിയും മുളകും വാരുന്നുണ്ടാകും . "
നന്ദു ചരടില്‍ കൈകള്‍ കോര്‍ത്തു . പട്ടത്തിന്റെ ഗതി പലവട്ടം ശരിയാക്കി . പിന്നെ ഒരു കുതിപ്പിന്   ലക്ഷ്യത്തിലേക്ക്  ചാടി .
അവനും പട്ടവും കുന്നിന്‍ചെരുവിലേക്ക്‌  പറന്നു . പോകെ പോകെ ഒരു പമ്പരം കണക്ക് കറങ്ങി . ഒരു നിലവിളിയോടെ കുന്നിന്‍ ചെരുവിന്റെ മടിയില്‍ പലവട്ടം തലകുത്തി മറിഞ്ഞു .
  അഭിയും രവിയും ഭയന്നു വിറച്ചുകൊണ്ട് കണ്ണുകള്‍ ഇറുക്കിയടച്ചു.                                                   അവര്‍ക്കു വിശ്വസിക്കാന്‍കഴിയാത്ത കാഴ്ച .കിതപ്പോടെ അവരിരുവരും കുന്നിന്‍ചെരുവിലേക്ക്‌ , നന്ദുവിന്റെയടുത്തേക്ക്  ഓടി.അവരുടെ നിലവിളി ഗ്രാമമാകെ വ്യാപിച്ചു.
കുന്നിന്റെ മുകളിലപ്പോഴും  വിക്ഷേപണം കാത്ത്  രണ്ടു പട്ടങ്ങള്‍ കിടന്നിരുന്നു.

Thursday, October 29, 2015

ഒച്ച
ഒരു രാവിന്റെ മാറിലിരുന്ന്
ചരിത്രത്തെ  അകം പുറം മറിക്കുമ്പോള്‍
കടലാസൊച്ചകള്‍ പോലും
കേള്‍ക്കില്ലെന്ന്  അവര്‍ വ്യാമോഹിച്ചിരിക്കാം.

ഒച്ചയെ പ്രതിരോധിക്കാന്‍
എല്ലാറ്റിനെയും നിശബ്ദരാക്കുന്ന
കോമാളിക്കോലങ്ങള്‍ !

ചുണ്ടുകള്‍ നഷ്ടപ്പെട്ട തെരുവുകള്‍,
തൊലി പൊളിഞ്ഞു രോമം കൊഴിഞ്ഞ ഇടവഴി, 
കണ്‍പോളകള്‍ വീര്‍ത്ത ഒറ്റയടിപ്പാത,
തുന്നിചേര്‍ക്കയാണവര്‍ ;പുതിയ വഴികള്‍.

പതുങ്ങിയ കാല്‍വെപ്പുകളെ,
ചില തുടച്ചുമാറ്റലുകളെ,
വെറുപ്പിന്റെ ഞരമ്പൊലികളെ ,
പുതിയ ഒച്ചകളായി കേള്‍ക്കുന്നു, ഞങ്ങള്‍.

Saturday, October 24, 2015

നഗരപിതാവ്

നാലു കള്ളന്മാര്‍ ഒരു നഗരത്തെ അസ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു . മോഷണ പരമ്പരകള്‍ കൊണ്ട്  എല്ലാവരിലും ഭയം ജനിപ്പിക്കാമെന്ന് അവര്‍ കരുതി . ഏറ്റവും വിലപ്പെട്ട എന്തെങ്കിലും ആദ്യം മോഷ്ടിക്കാം.അവര്‍ തീര്‍ച്ചയാക്കി.
പത്രങ്ങളായ പത്രങ്ങളൊക്കെ തിരഞ്ഞു . വലിയ മൈതാന പ്രസംഗങ്ങളില്‍ , ഉത്സവ പറമ്പുകളില്‍ , ഉത്ഘാടനങ്ങളില്‍ , മരണ വീട്ടില്‍ ഒക്കെ അയാള്‍ തിളങ്ങിനില്‍ക്കുന്നു. നഗരത്തിനു ഏറ്റവും വേണ്ടപ്പെട്ട അയാളെത്തന്നെ മോഷ്ടിക്കാം ; നഗര പിതാവിനെ.
ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല. അര്‍ദ്ധരാത്രി കത്തി കാണിച്ചപ്പോള്‍  എവിടെക്കാണെന്നു പോലും ചോദിക്കാതെ  നഗരപിതാവ്  ഇറങ്ങിവന്നു.
കള്ളന്മാരാണെങ്കിലോ വരാനിരിക്കുന്ന പുകിലുകളെ ഓര്‍ത്ത് കോള്‍മയിര്‍ കൊണ്ടു. അടുത്ത പ്രഭാതത്തില്‍ നഗരം തങ്ങളെക്കുറിച്ച്  വാതോരാതെ സംസാരിച്ചു തുടങ്ങുമെന്ന് അവര്‍ ആലോചിച്ചു
നഗരം പതിവുപോലെ ഉണര്‍ന്നു. തിരക്കിലമര്‍ന്നു. നഗര പിതാവിനെ ആരും അന്വേഷിച്ചില്ല.
കള്ളന്മാര്‍ ആശങ്കയിലായി.ആളു മാറിയോ ? അവര്‍ ചോദിച്ച്  ഉറപ്പുവരുത്തി. ഇല്ല .ആളിതു തന്നെ . പിന്നെ എന്തു കൊണ്ട്  ആരും അന്വേഷിക്കുന്നില്ല.നഗരപിതാവിന്  ഇരട്ടയുണ്ടോ ? . ഇല്ല . ചോദിച്ചറിഞ്ഞു.
വിചിത്രമായ ആ മോഷണത്തെ അവര്‍ പലകുറി അവലോകനം ചെയ്തു . പിന്നെ  അവര്‍ക്ക്  അതിലുള്ള താല്പര്യം നഷ്ടമായി . മോഷണവസ്തുവിനെ അവര്‍ മറന്നു.  

Monday, September 14, 2015

പലായനംവേരുകളില്‍ നിന്ന്
പറിച്ചെറിയപ്പെടുന്ന ജനത
മേഘങ്ങളെപ്പോലെ
ആകാശത്തേക്ക്  പറക്കുന്നില്ല .

ഉണങ്ങിയ ഒരു മരത്തിന്റെ പലായനം
ആരാണ്  അടയാളപ്പെടുത്തുക.

വേരുകളില്‍ നിന്ന്
പറിച്ചെറിയപ്പെടുന്ന ജനത
ഓരോ അതിര്‍ത്തിയിലും ഭാരം കുറയ്ക്കണം.

അഴിച്ചു കള കാഴ്ചകള്‍ ;തിളയ്ക്കുന്ന കാഴ്ചകള്‍
പറിച്ചു കള ഭാഷ ;ഒതുങ്ങാത്ത ഭാഷ
ചിറകുകള്‍ പൊഴിക്കുകയല്ല ; നുള്ളി പറിച്ചെറിയണം.

എന്നിട്ടും, എന്നിട്ടും ഭാരം കൂടുന്നതിനാല്‍
മുതുകുകള്‍ വളയുന്നതിന്റെ ജനിതകം എന്ത് ?    

Friday, September 11, 2015

ഗുരു
ഒരു പൂമ്പാറ്റ
അതിന്റ ചിറകുകളില്‍
ഏറെ കരുതലോടെ
കൊണ്ടു പോകുകയായിരുന്നു,
'ദൈവ ദശകത്തെ'.

പൊടിക്കാറ്റുയര്‍ന്നപ്പോള്‍ ;
വാക്കുകള്‍,  മുത്തു കൊഴിയുന്നതുപോലെ
ഭൂമിയിലേക്കുതിര്‍ന്നു.

ഒരിലയുടെ ഞരമ്പ്‌
ആകാശത്തേക്ക് എഴുന്നു നില്ക്കുകയും
സ്വപ്നങ്ങളെറിഞ്ഞ്
മുകളിലേക്ക്  വല നെയ്യുകയും ചെയ്തു.

സ്വപ്നങ്ങളുടെ വലക്കുരുക്കില്‍
ദൈവ ദശകത്തിന്‍ വാക്കുകള്‍ !

ചിലപ്പോളവ
കാറ്റിലിളകിയാടി
മണ്ണിനെ രുചിക്കുമ്പോള്‍
ഉര്‍വരമാകാറുണ്ട് , ഭൂമി.

Thursday, August 13, 2015

കാവി


"ദൈവത്തിനും ചെകുത്താനും വശമില്ലാത്ത ഒരു കലയുണ്ട് ." കത്തികള്‍ രാകി മൂര്‍ച്ചയാക്കുന്ന ഒച്ചയില്‍ പാതയോരത്തിരുന്ന്‍ അയാള്‍ വിളിച്ചു പറഞ്ഞു . 
കാണികള്‍ തിങ്ങി നിറഞ്ഞു . 
" ദൈവത്തെ ചെകുത്താനാക്കുന്ന വിദ്യയാണോ ? "
" തിരിച്ചും ആവാം " അയാള്‍ പല്ലിളിച്ചു .

Tuesday, July 28, 2015

ശിരോവസ്ത്രങ്ങള്‍

ദൈവം
പുരുഷനാണെന്നതിന്റെ സാക്ഷ്യം
ഓരോ സ്ത്രീകളും പറയും .
അതു നിങ്ങളെ വ്രണപ്പെടുത്തുന്നുവെങ്കില്‍
ദൈവം
സ്ത്രീയല്ലെന്നതിന്റെ തെളിവിനായി
പുരുഷന്മാരോട് ചോദിക്കുക.
ലളിതമാണ് ഈ പദ്ധതി
പെണ്ണുടലാണതിന്റെ  ഇര .
  

Wednesday, July 22, 2015

സുഹൃത്ത്ഇരുട്ടാണ്‌
ശൂന്യതയുടെ നിറം .
വെളിച്ചത്തിന്റെ ഉറവയാണ്
താങ്കളെന്നതിനാല്‍
ശൂന്യത
എന്നെ ഭയപ്പെടുത്തുന്നില്ല . 

Tuesday, April 28, 2015

ഒറ്റ

വെളിച്ചത്താല്‍
അവള്‍ ഉരുകിയൊലിക്കുന്നതു കാണാന്‍
ചുറ്റുമുള്ള  ഭിത്തികള്‍ക്ക്‌
ചിറകുകള്‍ മുളയ്ക്കുകയും
വലിയ ശബ്ദത്തോടെ
പറന്നകലുകയും ചെയ്തു.

സ്വപ്നങ്ങളാണോ ,
ജീവിതത്തിന്റെ തുടര്‍ച്ചയാണോ
എന്നുറപ്പില്ലാതെ , വെളിച്ചം
കാട്ടുതീ പോലെ നാക്കു വിടര്‍ത്തി.

വെളിച്ചത്തിനും അവള്‍ക്കുമിടയില്‍
തൊലി ചീന്തി നഗ്നയാക്കപെട്ട
അരൂപികള്‍ തിടുക്കം കൂട്ടി.

ധ്യാനത്തിലെന്നപോലെ
വെളിച്ചത്താല്‍ ആഹരിക്കപ്പെടുമ്പോള്‍
വിറപൂണ്ട ദേഹം
വെളിച്ചത്തെ കുടഞ്ഞെറിഞ്ഞു.

നഗ്നയാക്കപെട്ട അരൂപികള്‍ക്കുമേല്‍
ഇരുട്ട്  മേലാപ്പ്  പുതച്ചു.

Friday, April 17, 2015

വിക്ക്

എന്റെ അരങ്ങുകള്‍ ഒഴിയുന്നതിനും
നിന്റെ അരങ്ങുകള്‍ ഉണരുന്നതിനും
വിക്ക് സാക്ഷിയായി.

Wednesday, March 25, 2015

ഇര
ജനാലയില്‍
വലിയൊരു ചിലന്തിവല ;
ചിലന്തി എവിടേക്കോ
അപ്രത്യക്ഷമായിരിക്കുന്നു.

ഓരോ ഋതുവും നിന്നില്‍
വിരിയിച്ചെടുക്കാന്‍
വരുമ്പോഴെല്ലാം
ഞാന്‍ അതിഥിയാണ് .

നീ  ആതിഥേയയാണ് ;
വീട്ടുകാരിയാണ്
ചിലന്തിവലക്കകത്താണ് .

ഇനി വരുന്ന ശീതകാലത്തില്‍ 
നിന്റെ എല്ലുറപ്പിനെ കൊയ്തെടുക്കാന്‍ 
കൊടും തണുപ്പായ്  ഞാന്‍ വരും . 
 വാക്കുകളേക്കാള്‍ ഇഴയടുപ്പമുള്ള 
കമ്പിളി വസ്ത്രങ്ങള്‍ നെയ്തു തുടങ്ങുക.

Monday, March 16, 2015

നാം

നാം
നമ്മള്‍ 
നമ്മുടെ ജീവിതം 

ഞാന്‍ 
എന്റെ ജീവിതം 
ജ വ ത
ീ ി ം  Thursday, March 12, 2015

നീനിന്റെ നഖക്ഷതങ്ങള്‍ക്കുപോലും
അടയാളപ്പെടുത്തലിന്റെ 
വീര്യമുണ്ട് .

നിന്റെ  നീണ്ട നിലവിളി 
പുല്‍മേടില്‍ 
ഒറ്റയായ പൂമരത്തെ 
വിറപ്പിച്ചു. 

നിനക്കാകെ  
പൂ മണമെന്ന് 
ഞാന്‍ കൊതിയിട്ടപ്പോള്‍ 
പുല്‍മേട്ടില്‍ ഇടിമിന്നലേറ്റ്  
ആളുകയായിരുന്നു ,നിന്നുടല്‍ . 

നീ  ഇരുട്ടിലേക്ക് 
അലിഞ്ഞു ചേരുമ്പോള്‍
വര്‍ണങ്ങളുടെ പ്രളയമൊന്നാകെ  
എന്നെ പുണര്‍ന്നതിനാല്‍ 
നീ ഇരുട്ടു തന്നെയെന്നു ഞാന്‍ ഭയന്നു .  

Friday, March 6, 2015

കൊടുങ്കാറ്റിന്റെ ജാതകംപോകുവാനുള്ള 
വഴികളിലത്രയും 
ഭീതിയുടെ വിത്തുകള്‍ 
ഇന്നേ മുളപ്പിച്ചതിനാല്‍ 
വെറുമൊരു കാറ്റാണെന്ന് 
ഇനിമേല്‍ ആരും വിളിക്കില്ല .  

Monday, January 26, 2015

ആദ്യ ' രാത്രി ഷിഫ്റ്റ്‌ 'ആദ്യ  ' രാത്രി ഷിഫ്റ്റില്‍ '
ഉപ്പന്റെ മൂളലില്ല ,
ചീവീടിന്റെ കാഹളമില്ല ,
ഫോണ്‍ ചിലയ്ക്കുന്നു .

സൌമ്യമായി ചോദിച്ചു :
"ഞാന്‍ എങ്ങനെയാണ്
സഹായിക്കേണ്ടത് ? "

ഗോളത്തിന്റെ
മറുതലയില്‍ നിന്ന് മറുപടി:

"അവിടെയിപ്പോള്‍
രാത്രിയല്ലേ ,
മുല്ലപ്പൂ മണമല്ലേ ,
മൈലാഞ്ചി ചോപ്പല്ലേ ,
ഉറക്കമായോ ? "

"ആരാണ്  നിങ്ങള്‍ ?"

മറുപടിയില്ല .

ഗോളത്തിന്റെ മറുതലയില്‍
എന്റെ രാത്രിയെ പകലുകൊണ്ട്
അപഹരിക്കുവാന്‍
ഭൂമിയിലേക്ക്‌  കാലും
ആകാശത്തേക്ക് തലയും വിരിച്ചിട്ട്
അവന്‍ അമ്മാനമാടുന്നുണ്ടാകും.

Wednesday, January 21, 2015

ഉണ്മ

ഉണ്മയുടെ നൂലുകള്‍
ഭൂമിയിലെമ്പാടും 
വിതറിയിട്ടാണ്  
ഇടിമിന്നല്‍ പിന്‍വാങ്ങിയത് . 

മഴയുടെ നൂലുകളാണെന്നു കരുതി 
ആരുമതത്ര കാര്യമാക്കിയില്ല . 
അറിഞ്ഞു വന്നപ്പോഴേക്കും 
തകര്‍പ്പന്‍ മഴ !

മഴ നനയാതെ 
മഴയുടെ ഇടയിലൂടെ തിരഞ്ഞാല്‍ 
ഉണ്മയുടെ മഴവില്‍ചന്തം.

Monday, January 19, 2015

പെരുമാള്‍ മുരുഗനോട്ചുണ്ടുകള്‍ ;
വിറയ്ക്കാനുള്ളത് ,
അനുസരണയുടെ ഒച്ച തുറക്കാനുള്ളത് .

വിവേകം ;
ഒതുങ്ങാനുള്ളത്
കൂട്ടത്തില്‍ ഒറ്റപ്പെടാതിരിക്കാനുള്ളത്  .

കണ്ണുകള്‍ ;
ഭയത്താല്‍  വിടരേണ്ടത്
ആജ്ഞകള്‍ വേഗത്തില്‍ കാണാനുള്ളത് .

വാക്കുകള്‍ ;
തുള്ളി തുള്ളിയായി  മൂത്രിക്കേണ്ടത്
ഏറെ വെള്ളത്താല്‍ നേര്‍പ്പിക്കേണ്ടത് .

ത്വക്കുകള്‍ ;
എഴുത്തുകാരാ.......
ത്വക്കുകള്‍ നിന്റെ
തെര്‍മോമീറ്റര്‍  ആകയാല്‍ ,
വിശേഷപ്പെട്ടൊരു കൂട്ടുണ്ട്
ഞങ്ങള്‍ തിന്നത്തിന്റെ  എച്ചിലിലകളില്‍ .
വന്നുരുളുക , മോക്ഷം നേടുക.

അതില്‍ കവിഞ്ഞൊന്നും
നീയില്ല .

ഇങ്ങനെയൊന്നുമല്ലെങ്കില്‍
പെരുമാള്‍ മുരുഗാ
എങ്ങനെയാണ്  നിന്നോട്
കാല്പനികമായ
ഒരൊത്തുതീര്‍പ്പിലെത്തുക . 

Friday, January 16, 2015

കവിത എഴുതുമ്പോള്‍എന്റെ മുറിയിലേക്ക് ,
എന്നിലേക്ക്‌
നീയൊന്ന്  എത്തി നോക്കുക

 ഭൂമിയോളംവലിയ
പേടികളില്‍ നിന്നും
എന്നെയുണര്‍ത്തുവാന്‍
ഇടയ്ക്കൊന്നു  തൊട്ടുക.

വിശ്വസനീയമായ
ഏറ്റവും ലളിതമായ ഭാവന
നീയും ഞാനുമാണ് ;
നമ്മുടെ ജീവിതമാണ് .

കവിതയുടെ ഉറവയല്ല
നീയുണ്ടെന്ന ഉറപ്പാണ്‌
എന്നില്‍
ചിറകുകളായി വിരിയുന്നത്  .Monday, January 12, 2015

താക്കോല്‍


വീടിന്റെ ,
അലമാറയുടെ , 
വാഹനത്തിന്റെ 
താക്കോലുകള്‍ 
മറന്നിട്ടില്ല . 

പക്ഷെ 
മറന്നത്  
ഓര്‍മയുടെ താക്കോലാണ് . 

മൈതാനത്ത് 
ഉച്ചവെയിലിന്റെ വെറുപ്പില്‍ 
അയാള്‍ ചോദിച്ചു :

"ഹിന്ദുവാണെന്നത്  ഓര്‍മയില്ലേ ?"

ഓര്‍മയുടെ താക്കോല്‍ 
 തിരഞ്ഞു നോക്കി 
കണ്ടില്ല !

"നമ്മളല്ലേ ആദ്യം വിമാനം പറത്തിയത്  ?
പ്ലാസ്റ്റിക് സര്‍ജറി കണ്ടെത്തിയത് ?
ജീന്‍ , ജീനോം, ഗോളാന്തര യാത്ര 
കമ്പി,കുപ്പിച്ചില്ല് ..........."

"ഓര്‍മ വേണം
ജന്മാന്തരങ്ങളുടെ ഉയിരുവേണം 
കളഞ്ഞു പോകരുതിനിമേല്‍;
ഇതാണോർമയുടെ 
പുത്തൻ താക്കോലുകൾ  "

തിരക്കിയാണെങ്കിലും
കൈപ്പറ്റണം
തലയോട്ടിയോടൊട്ടുന്ന 
മേല്‍ത്തരം മുഖംമൂടി


'വീട്ടിലേക്കു തിരിച്ചു പോകവേ'
അഴിച്ചു കളയണം മൃദുവായ 
കൈപ്പത്തികൾ , കാല്പാദങ്ങൾ
കണ്ണീരു പൊടിയുന്ന ധമനികൾ 


Saturday, January 10, 2015

കമ്പോളപൊട്ടന്‍ !!!കമ്പോളങ്ങളായ കമ്പോളങ്ങളൊക്കെ
 നിരങ്ങിയാലും
ഇതുപോലെ
ജീവിതാസക്തിയുള്ള
ഒരു ചരക്കിനെ കിട്ടില്ല .

നടന്നു നടന്ന്  ചെരുപ്പു തേഞ്ഞാലും
ഇവിടേക്കുതന്നെ
തിരിച്ചു വരേണ്ടിവരും .

അപ്പോള്‍ ഇതുപോലെ ആവില്ല ;
വിലപേശാന്‍ ഇടം തരില്ല .
ജീവിതാസക്തി നഷ്ടമായ
ഒരു ചരക്കിനെയായിരിക്കും കിട്ടുക .


Thursday, January 1, 2015

ജി.പി.എസ്പറഞ്ഞു കേട്ട വഴി
നരച്ച ചെമ്മണ്‍പാതയാണ് .
ഇപ്പോള്‍ ഇതാകെ
പൂത്തുലഞ്ഞു നില്‍ക്കുന്ന
വസന്തത്തിന്റെ കുഴല്‍വിളി;
മഞ്ഞുതുള്ളികള്‍ വിരിയുന്ന
വഴിയോരം .

പറഞ്ഞതു തെറ്റിയോ ?
കേട്ടതു തെറ്റിയോ ?
വഴി തെറ്റിയോ !

മനസ്സില്‍ തോന്നിയ
വഴിയിലൂടെ മുന്നോട്ടു പോകെ,
സഹയാത്രികര്‍ക്കാകെ നീരസം.
ആകാശ കാഴ്ച നമുക്കില്ലല്ലോ
അപ്പോഴേ 'ജി.പി.എസ് 'നോട്  ചോദിച്ചാല്‍ പോരേ ?

അപരിചിതരോട്  ചോദിക്കണ്ട
വഴി തെറ്റാതിരിക്കാന്‍
യന്ത്രങ്ങള്‍ സഹായിക്കും.

അപ്പോള്‍
അങ്ങനെയാണ്
മനുഷ്യരേക്കാള്‍ കൂടുതല്‍
യന്ത്രങ്ങളില്‍ വിശ്വാസം വരുക.

ഇനി ഇതാണാവശ്യം

ഇരുട്ടിനെ അകത്തേക്കും
വെളിച്ചത്തെ പുറത്തേക്കും
കടത്തിവിടുന്ന ജനാല .