Friday, December 26, 2014

കീമോകീമോ

ചിന്തയില്‍,ഉറക്കത്തില്‍ ,
ബോധക്ഷയത്തില്‍ .

വളരുന്നുണ്ടുരുക്കിനെ
പിളര്‍ക്കുന്ന നഖങ്ങള്‍ ,
രാകി മിനുക്കിയ തേറ്റകള്‍,
ചോരയുടെ  വാട ,
ശ്വാസത്തിന്‍ കനം.

മലിനമായതൊക്കെ
പുറത്തേക്കു തികട്ടവേ,
ഒഴിഞ്ഞതേയില്ലെന്‍ ഞരമ്പുകളില്‍
ഇരമ്പിയാര്‍ക്കുന്ന കടന്നല്‍കൂട്ടം .

ഒരു കിളിയൊച്ചപോലെ
പിണങ്ങിപ്പോകെ;
പല കിളിയൊച്ചകളായി
തിരിച്ചുവരരുതേ.
Thursday, December 18, 2014

പെഷ് വാര്‍ഇനി അടയാളപ്പെടുത്തുക വയ്യ;
കണ്ണിരും രക്തവും ഒരുപോലെ
തണുത്തുറയുന്ന ശൈത്യം.

കാരുണ്യവാനായ നാഥാ , എന്നോടു പൊറുക്കണേ
ജീവനോടെയിരിക്കുവാന്‍
മരിച്ചതായഭിനയിക്കുന്നു, ഞാന്‍.

കൊല്ലപ്പെട്ടവന്റെ നെഞ്ച്
ഒതുങ്ങിയതോ ? വികസിച്ചതോ ?
കൊല്ലപ്പെട്ടവന്റെ കവിള്‍ത്തടം
തളര്‍ന്നതോ ? വിളറിയതോ ?

മരുഭൂവിന്റെ കാര്‍ക്കശ്യത്തില്‍
ജലധാരാ സൃഷ്ടിച്ച കാരുണ്യമേ,
ഇപ്പോഴെന്‍ ചുണ്ടുകള്‍
ദാഹത്താല്‍ പിളരരുതേ,
ഭയത്താല്‍ വിറക്കരുതേ .

കൊന്നുതള്ളിയ കുട്ടികളെ
അവര്‍,നായിന്റെ മക്കള്‍
തോക്കിന്‍ പാത്തികള്‍കൊണ്ടിളക്കി നോക്കുന്നു.

വേദന, കാല്‍മുട്ടുതുളച്ചു കയറുന്ന കൊടിയ  വേദന
നാഥാ, ബോധക്ഷയത്താല്‍ അനുഗ്രഹിക്കണേ ,
കൊല്ലപ്പെട്ടവന്റെ തുടയില്‍നിന്നും
രക്തം നിലക്കാതെയൊഴുകുമോ ?

ഒരു നിമിഷനേരമാ ശവംതീനികള്‍ക്ക്
ജീവനോടെ ബാക്കിയായ കുരുന്നുകളെ
കാണാതിരിക്കട്ടെ.

താടിമുളച്ചിട്ടും ആണത്തമില്ലാത്തവര്‍ ,
ഒരു കുഞ്ഞിന്നിളം ചിരിപോലും
മൊത്തിക്കുടിക്കാത്തോര്‍,
പ്രണയപൂര്‍വ്വമടുത്തുചെന്നൊരു-
പെണ്ണിന്റെ കണ്ണിന്നഴകു കാണാത്തോര്‍ ,
ആണല്ലെന്നകാര്യം പരസ്പരം തപ്പിനോക്കി
ഉള്‍പ്പക മുഴുത്തോര്‍, പൊലയാടികള്‍ .

ആര്‍ക്കൊക്കെ പുറത്തു പോകണം ?
ഞങ്ങളെല്ലാവരും കൈപൊക്കി.
കുറച്ചുപേരെ ചുമരിനോട്  ചേര്‍ത്തു നിര്‍ത്തി.
വിടരാന്‍ തുടങ്ങിയ മൊട്ടുകള്‍ ചിതറിത്തെറിച്ചു .
അവര്‍ പുറത്തു പോയതു കണ്ടില്ലേ ?
പൊക്കിള്‍ക്കൊടിയില്ലാത്ത ആണ്‍ കോലങ്ങള്‍ ചിരിച്ചു.

ഇനി ആര്‍ക്കൊക്കെ പുറത്തു പോകണം ?
ഞങ്ങളാരും  കൈപൊക്കിയില്ല
വിചിത്രമായ ഭയം നടമാടി.
അവര്‍ തുരുതുരെ വെടിവെച്ചു
എന്റെ കാല്‍മുട്ടുകള്‍ ചിതറി.

കാരുണ്യവാനായ നാഥാ , എന്നോടു പൊറുക്കണേ
ജീവനോടെയിരിക്കുവാന്‍
മരിച്ചതായഭിനയിക്കുന്നു, ഞാന്‍.

പ്രപഞ്ചങ്ങളുടെ സൃഷ്ടാവേ ,
അതിലോലമായ ഒരു മായകൊണ്ട്
ഇതൊക്കെയും പുതുക്കണേ
നാളെ പകല്‍ ഞങ്ങള്‍ക്കു
വീണ്ടുമിവിടെ പാറിനടക്കണം.
-----------------------------------------------------------------------------------------------------------------
പെഷ് വാര്‍  സൈനിക് സ്കൂളിലെ   കുട്ടികളില്‍ പലരും മരിച്ചതായഭിനയിച്ച്  താലിബാന്‍ ഭീകരരില്‍ നിന്ന് രക്ഷപ്പെട്ടു. -പത്രവാര്‍ത്ത .

Monday, December 15, 2014

കുഴിമന്തി

വിമാനത്താവളത്തിന്റെ
പരിസരത്താണാദ്യം  കണ്ടത് .
വരാന്‍ വൈകിയതിന്റെ കാരണം
പറയാതെ പറഞ്ഞ്.

രുചിമുകുളങ്ങളിലപ്പോഴേക്കും
ഒട്ടിപ്പോയിരുന്നോ,പിസ്സ
ഹോട്ട് ഡോഗ് , കെ.എഫ് .സി, ബര്‍ഗര്‍ .

നാവിലൂടൂര്‍ന്നിറങ്ങി , പ്പരുവമായ്
പുതുരുചിക,ളന്യന്റെ
തീന്‍മേശാവിഭവങ്ങള്‍.

രുചികള്‍
കാലദേശത്തിന്നടയാളങ്ങള്‍,
കൈപുണ്യമായ്  പകര്‍ന്ന നന്മകളെന്ന
ചൊല്ലൊക്കെ കാലന്‍ കൊണ്ടുപോകയാല്‍  


മടക്കവിമാനത്തില്‍ കയറി
ഏതെങ്കിലു,മന്യദേശങ്ങളില്‍
വിരുന്നൂട്ടുന്നുണ്ടാകുമോ
തോരന്‍, അവിയല്‍
കാളന്‍, കൂട്ടുകറി ?

Thursday, December 4, 2014

നഗരം
നഗരം പുതിയ ആശുപത്രികളെ തന്നു.

പുതിയ നടപ്പാതകള്‍ ,
പാര്‍ക്കുകള്‍ ,മാളുകള്‍
തീന്‍പണ്ടങ്ങള്‍, കറങ്ങുന്ന ഗോവണികള്‍

ഞങ്ങള്‍ പുതിയ രോഗങ്ങളുമായി
ആശുപത്രികളെ വരവേറ്റു .

നഗരം പുതിയ ജോലികള്‍ തന്നു .

പൊന്നുഅപ്പ ലിഫ്റ്റ്‌ ഓപ്പറേറ്ററായി ,
ചെറുത്‌  തോട്ടം നനച്ചു
ഭാമേടത്തി മൂത്രപ്പുര കഴുകുന്നു
ചന്ദ്രു ബസ്സുകള്‍ക്ക് കീലിടുന്നു
തമ്പാന്‍ ഗുണ്ടാപ്പിരിവ് , രാജന്‍ വേസ്റ്റ് കോരി
മുരുകന്‍ രാത്രി കാവല്‍ക്കാരന്‍
ലത/തല  എന്നിങ്ങനെ.

നഗരത്തില്‍ ഉണ്ടെന്നു പറയുന്ന
പുതിയ ജോലികള്‍ തിരഞ്ഞ്‌
ജനറല്‍ കമ്പാര്‍ട്ട്മെന്റുകളില്‍
തിങ്ങിഞെരുങ്ങി
കൂറകള്‍, എലികള്‍, പാറ്റകള്‍
ചത്ത കോഴിയിറച്ചികള്‍ ,
ഗുഹ്യരോഗങ്ങള്‍ ,TNT തുടങ്ങിയവ
വന്നിറങ്ങി.


ശരീരമാണോ പഴന്തുണിയാണോ
എന്നുറപ്പില്ലാത്ത ചില അതിരുകള്‍
നഗരത്തിന്റെ വലിപ്പം കൂട്ടാന്‍
അകലങ്ങളിലേക്ക്  നടന്നു തുടങ്ങി .
Saturday, November 22, 2014

സ്വപ്നം

ഇരുണ്ട
നിഗൂഡമായ രാവുകളിലൊന്നില്‍
 പുലരിയിലേക്ക്
കണ്ണുതുറക്കാന്‍
അവളൊരുമധുരസ്വപ്നം കണ്ടു.
തെളിഞ്ഞ
പ്രശാന്തമായ പകലുകളുണ്ടെന്ന് .


Wednesday, August 27, 2014

കടല്‍പ്പാലം

പ്രണയമേ
നീയെന്നെ കൈ വെടിയരുതേ
വിറയ്ക്കുന്നുന്ടെന്‍ വിരലുകളെങ്കിലും

അന്നു നിന്‍റെയാദ്യ  -
ചുംബനത്താല്‍
വിറച്ചിരുന്നെന്റെ നെഞ്ചകമാകെ.

നമ്മളന്ന്
കടല്‍പ്പാലത്തിലൂടെ
നടന്നു തിരകളെ തൊട്ടതും,
തിരകള്‍
നിന്‍റെ ചുണ്ടിലോതിയ
ഉപ്പും മധുരവും
പകര്‍ന്നെടുത്തെന്‍
ജീവന്റെയുടയാട പണിതതും,
ഏല്ലുകോച്ചുന്ന തണുപ്പിനെ
പുണരാതെ
ഹൃദയതാളം ഒപ്പത്തിലാക്കുവാന്‍
നെഞ്ചു ചേര്‍ത്തു വച്ചില്ലേ
പുതിയ ധമനികളിലൂടെ
പ്രണയമൊഴുകുവാന്‍  

ഒന്നു കണ്ണടച്ചാല്‍
വീണ്ടുമവിടെയെത്താം
ദ്രവിച്ചിട്ടുണ്ടാകുമാ കടല്‍പ്പാലമെങ്കിലും.

പ്രണയമേ
നീയെന്റെ കൈകള്‍ പിടിക്കണം
ഓര്‍മയുടെ കമ്പളം വിരിച്ചെന്റെ
തണുപ്പിനെയകറ്റുവാന്‍.


Friday, July 4, 2014

കാലംശില്‍പങ്ങളുടെ ആ വിചിത്ര പ്രദര്‍ശന ശാലയില്‍ മൂന്നാമതൊരു ശില്പത്തെ കാണാതെ ഞാന്‍ വലഞ്ഞു .
     ഒരു  കല്‍പ്രതിമ   ഭൂതകാലത്തെ നോക്കി നിരാശയോടെ ഇരിക്കുന്നു   . മറ്റൊന്ന് ഭാവിയിലേക്ക് ആശങ്കയോടെ  നോക്കുന്നു .

" എവിടെ മൂന്നാമത്തേത് ? "
" അത് നീയാണ് " ശില്പി ചിരിച്ചു . 

Friday, May 30, 2014

യാത്ര

രണ്ടു വഴിയാത്രക്കാര്‍ ഒരു പുല്‍മേടില്‍ കണ്ടുമുട്ടി. ഒരാള്‍ വൃദ്ധന്‍ . ജീവിത സായാഹ്നത്തിലേക്ക് നടക്കുകയായിരുന്നു . അപരന്‍ ചെറുപ്പക്കാരന്‍ . ജീവിതത്തിന്റെ ചൂടിലേക്ക് ഇറങ്ങുകയായിരുന്നു . 
വൃദ്ധന് അസാധാരണമായ ചുരുക്കം. ഭാവനാ സമ്പന്നമായ കണ്ണുകള്‍. ചെറുപ്പക്കാരന്‍ വിയര്‍ത്തു കുളിച്ച് അവശനായിരുന്നു .

" ഈ യാത്രയുടെ പൊരുളെന്ത് ?" ചെറുപ്പക്കാരന്‍ ചോദിച്ചു .
" കണ്ടില്ലേ ഈ പുല്‍മേടിലാകെ ഇളംകാറ്റ് പരക്കുന്നത് . അതി ലോലമായ ചുവടുകളോടെ പുല്‍ത്തലപ്പുകള്‍ നൃത്തം വെക്കുന്നത് ..." വൃദ്ധന്‍ പറഞ്ഞു .
" നാശം ഞാന്‍ അതല്ല ചോദിച്ചത് " ചെറുപ്പക്കാരന്‍ അസ്വസ്ഥതയോടെ എഴുന്നേറ്റ് നടന്നു തുടങ്ങി .