Monday, February 21, 2011

അല്‍ഷിമേഴ്സ്‌










ഒരു വേനല്‍ നീന്തിക്കടക്കാന്‍ 
മാര്‍ഗം  ചോദിച്ചപ്പോള്‍ ,
പകലുകളുടെ നീളം
കത്രിച്ചുകളയാന്‍പോന്ന
ഓര്‍മ്മക്കുറവുമായി
ചിരിച്ചുനില്ക്കുകയാണവള്‍.

വേനല്‍ക്കാല രാത്രികളിലെ 
ഉഷ്ണം 
അവളെ തീക്കാറ്റുപോല്‍
പൊള്ളിച്ചു.

സമശീതോഷ്ണങ്ങളുള്ള ,
അവള്‍ക്കു പുതപ്പാകാന്‍ മാത്രം 
കനമുള്ളോരാകാശത്തെ 
പാചകം ചെയ്യാനറിയാമെന്ന്
ഞാന്‍ കളവുപറഞ്ഞു . 


പണ്ടെന്നോ 
ആകാശത്തേക്ക് ചാരിവെച്ച്
എടുക്കാന്‍മറന്ന 
പിരിയന്‍ കോണിയുണ്ട് ,
തൊടിയില്‍.

Sunday, February 13, 2011

പഴനിയിലെ ഓട്ടോകള്‍




പഴനിയിലെ ഓട്ടോകള്‍
വെടികൊണ്ട
കാട്ടുമൃഗം;
റോക്കറ്റുപോലെ
പാഞ്ഞാലല്ലാതെ
ജീവിതം ഓടി തീര്‍ക്കാനാവില്ലെന്നു -
കലമ്പല്‍ കൂട്ടുന്നു.


പഴനിമല ഓടിക്കയറിയ 
സ്കൂള്‍പിള്ളേര്‍ 
മുരുകനെ വെക്കം കാണാന്‍ 
കാശുകൂടുതല്‍ 
കൊടുക്കണമെന്നറിഞ്ഞ് 
അന്തംവിട്ട് നിന്നു.


'മുരുകനെ പിന്നെയും കാണാം 
ഇപ്പൊ പോയാല്‍ സെക്കന്റ്‌ ഷോ പടം കാണാം.'


പഴനിമല ഓടിയിറങ്ങി,കുട്ടികള്‍.
ഞ്ചാമൃതം ഡപ്പകള്‍ 
കൈയിട്ടുമാന്തി കാലിയാക്കി.


'മീറ്ററിക്കു മീതേ യേതാവതും
പോട്ടുകൊടുങ്കോ സാര്‍'
ദര്‍ശനം കാത്തു കിടക്കുന്ന 
ഓട്ടോക്കാരന്‍.




തിരുപ്പൂര്‍ 





ഒരു തയ്യല്‍ മെഷീന്‍ കൊണ്ട്
ജീവിതത്തെ
തുന്നിച്ചേര്‍ക്കാം
എന്നാണവള്‍ കരുതിയത്‌.


അവളുടെ പേരില്‍
നാട്ടില്‍ പഴയൊരു
വേശ്യയുണ്ടെന്ന്
ഞങ്ങള്‍ അടക്കം പറഞ്ഞു.


അതുകൊണ്ടായിരിക്കാം
ഒരു തീവണ്ടിയാത്രക്കൊടുവില്‍
മുഷിഞ്ഞ നോട്ടുകള്‍
മുഖത്തേക്കെറിഞ്ഞ്
അവള്‍ പക വീട്ടിയത്.