Wednesday, October 27, 2010

കറുപ്പ്ആകാശത്ത്
വിരിയുവാന്‍
വൈകിയെന്ന
ആവലാതിയോടെ
ഒരു മഴവില്ല്
ഓടിപ്പോകുന്നു.

കൂടെ
ഞാനും വരാ,മെന്ന്
ചിണുങ്ങിക്കൊണ്ട്
കറുകറുത്തൊരു കറുപ്പ്
പിന്നാലെ.


സ്കൂള്‍പറമ്പ്

See full size image


കണക്കുപുസ്തകം ഇനിമേല്‍
ചതുരവടിവില്‍ വേണ്ടെന്‍റെ  ടീച്ചറേ
അതൊരുരുളയാക്കി
പന്തുപോല്‍ ചുരുട്ടണേ
                                                
എട്ടാംപാഠം
മുന്നാംപാഠത്തിലുമ്മവെക്കുമപ്പോള്‍ .

പുതിയ വഴികളിലുടെ
കണക്കെല്ലാം മണ്ടിപ്പായവേ
ഇടത്തേ കോര്‍ണറില്‍
ആരാലും വളയാത്ത ഞാന്‍.

പന്തെന്‍ കാലിലേക്കു
പകരുകെന്‍ ടീച്ചറേ
ഞാനിതിനെയടിച്ചു പമ്പകടത്താം.

Tuesday, October 19, 2010

ഭൂബാങ്ക്

          
                     2050-) മാണ്ടിലെ ഒരു പത്രമുണ്ടാക്കുകയാണ് ഏട്ടന്‍ .ഭ്രാന്തായീന്നാ തോന്നുന്നത്. നാളത്തെ പത്രമാവാം. നാല്പതുകൊല്ലം കഴിഞ്ഞുള്ള പത്രം ഇന്നുണ്ടാക്കണോ?

 കല്യാണിക്ക് ഏട്ടന്റെ പരിപാടി അത്രയ്ക്ക് ഇഷ്ട്ടമാകുന്നില്ല.
അവള്‍ തയ്യാറാക്കി മാറ്റിവെച്ച ഒരു പേജെടുത്തു.

"കൃഷിയിടത്തിനായി ഭൂബാങ്കിലേക്ക്..."


ഇത് വട്ടു തന്നെ. പണവും മറ്റും ബാങ്കിലിടും പോലെ ഭൂമിയെടുത്തു ബാങ്കിലിടാന്‍ പറ്റ്വോ? അവള്‍ ആലോചിച്ചു .


പക്ഷെ, ചോദിച്ചത് ഇങ്ങനെ :

" അതെന്താണ് ഈ ഭൂബാങ്ക് ?"
"കല്ലൂസ് , ആ ദൂരെ കാണുന്ന പുഴ ആരുടേതാ?"


ഇതാ ഈ ഏട്ടന്റെ കുഴപ്പം. ചോദിച്ചതിനുത്തരം പറയില്ല പകരം മറുചോദ്യം ചോദിക്കും.
"പുഴയാരുടെയാ? എല്ലാരുടേം  കൂടി."


"അതിനപ്പുറത്തുള്ള മലയോ ?"


"അതും" ഇനി വേറൊരു ചോദ്യം വേണ്ട വിസ്തരിച്ചുകളയാം:
"മനുഷ്യരുടെ ,കിളികളുടെ ,ഓന്തിന്റെ ,പഴുതാരയുടെ,കുറുക്കന്റെ ...."

"മിടുക്കി.ബാക്കി വേണ്ട .ഇനിയൊരു ചോദ്യം ഈ പുരയിടം, ആരുടെതാ?"


ദാ പിന്നേം വരുന്നല്ലോ മണ്ടന്‍ ചോദ്യം.
"ന്താ, സംശയം ,നമ്മുടെ ."
"ന്നുവച്ചാല്‍ നമ്മടെ മാത്രം .കിളികളുടെതല്ല ;മറ്റു ജീവികളുടെതല്ല."


കല്യാണി നാവുകടിച്ചു. പെട്ടിരിക്കുന്നു.
                              
അപ്പൊ , എന്താണാവോ ഈ ഭുമിയുടെ ഉടമസ്ഥത? ഉടമസ്ഥത യുള്ളതാകുമ്പോള്‍ എന്തുമാകാം എന്നോ ? കിളികളെ അങ്ങനെ തടയാമോ?"

"കല്ലൂസ് , അതാണ് പ്രധാന കാര്യം. ഉടമസ്ഥാവകാശമുണ്ടെങ്കിലും ഭൂമിയെ ഇഷ്ടം പോലെ ആക്രമിച്ചു കൂടാ. കുന്നിടിച്ച്‌, വയലുനികത്തി റിസോര്‍ട്ടുകള്‍ പണിയുന്നത് അക്രമമാണ്.ഭൂമിയെ ആവശ്യത്തിന് ഉപയോഗിക്കണം.ഖനനം ചെയ്യുന്നതും , കൃഷി ചെയ്യുന്നതും, വ്യവസായമുണ്ടാക്കുന്നതും ഭൂമിക്ക് കോട്ടം തട്ടാതെ വേണം . മണ്ണ് ഉപയോഗിക്കുവാനുള്ളതാണ് . വില്‍പനചരക്കാക്കുവാനുള്ളതല്ല. മണ്ണിനെ ശരിയായി വിനിയോഗിക്കാനുള്ളതാണ് ഭൂബാങ്ക് ....


അടുത്ത തലമുറയുടെ കയ്യില്‍ നിന്നും നാം കടം വാങ്ങിയതല്ലേ ഈ ഭൂമി ...ഒരു പോറലുമേല്‍പ്പിക്കാതെ തിരിച്ചു കൊടുക്കണ്ടേ ......"
 
                                     ഏറെയൊന്നും മനസ്സിലായില്ലെങ്കിലും മനുഷ്യര്‍ മണ്ണിന്റെ ഉപയോഗത്തിന് ഭൂബാങ്കിനെ സമീപിക്കുന്നതും അവരത് തരംനോക്കി നല്‍കുന്നതും വെറുതെ സങ്കല്‍പിച്ചു.
               
 സങ്കല്പങ്ങളാണ് ചിലപ്പോള്‍ സത്യമായി മാറുക .അവളോര്‍ത്തു.
****************************************************************
2050 ലെ പത്ര വിശേഷങ്ങള്‍ തുടരും.ഭാവിയിലെ നല്ലതും ചീത്തയും ആയ വാര്‍ത്തകള്‍ ഏട്ടനും കല്യാണിയും ചേര്‍ന്ന് ഉണ്ടാക്കുന്നു. നിങ്ങളുടെ നിര്‍ദേശങ്ങള്‍ അറിയിക്കുക.ഈ പോസ്റ്റ്‌ 2010 October 1 ലെ യൂറീക്കയില്‍(Kerala Sasthra Saahithya Parishath പ്രസിദ്ധികരണം ) വന്നത്.ഒരു തുടരന്‍ ആണ് ആലോചന. എന്‍റെ മടികൊണ്ട് നടക്കുമോ എന്ന് സംശയം.
അടുത്ത പോസ്റ്റ്‌ :
ഭൂമിക്ക് പനിക്കുന്നു ...വെള്ളപ്പൊക്കവാര്‍ത്തകള്‍   
(കൂട്ടരേ ഓടി രക്ഷപ്പെട്ടോളൂ.........ആയിരത്തിയൊന്നാംരാവിപ്പോള്‍ ബാലസാഹിത്യവും എഴുതുന്നു ) 

Thursday, October 14, 2010

നിലാവുള്ള രാത്രിയില്‍ജെസിബിയാണ്
കുതിരയെക്കാള്‍  നല്ല
ലൈംഗിക ചിഹ്നം.

ഒന്നരയേക്കര്‍
പറമ്പ് കിളക്കാന്‍ വന്ന
ജെസിബി ജന്നലിനപ്പുറത്ത്
നിലാവില്‍ കുളിച്ചുതിളങ്ങുന്നു.


പ്രിയനേ, നീയെന്നില്‍
യന്ത്രകൈകളാവൂ
ഞാന്‍ നിന്‍റെ കുതിപ്പിനെമയപ്പെടുത്താന്‍
ആകാശത്തെ പുതച്ചവള്‍.
സായന്തനം


മുച്ചനെലി കയറിയ വീട്ടില്‍
കലപില ശബ്ദം.

അയാളവളുടെ
നുണക്കുഴിയോടൊട്ടി പറഞ്ഞു:
ചില്‍ ..ചില്‍...

രക്തവാതക്കിടക്കയില്‍ നിന്നവള്‍
സ്വപ്നവേഗം വാരിപൂശി
ഓടിയൊളിച്ചു.

തിരയുക
ഞാന്‍ ഒളിച്ചിരിക്കാം  .മഴക്കാറ്


പുലി മടയിലൊളിച്ചു
മട പാറയിലൊളിച്ചു  
പാറ നിന്നിലൊളിച്ചു.

ഞാന്‍ അടുത്തുവരവേ
പാറപോലുറച്ച്
എന്തേ നിനക്കൊരു
പെണ്‍പുലിതന്‍  ചീറ്റല്‍.

Friday, October 8, 2010

നാഗരികംനഗരത്തിരക്കിനിടയിലും
അയാള്‍
ഓഷോയെ
ധ്യാനിക്കുന്നതാകാം.

അല്ലെങ്കില്‍
ഫ്ലാഷ്  മോബ്
പരിശീലിക്കുകയാവും.

അതുമല്ലെങ്കില്‍
മര്‍മ്മത്തില്‍
കടിച്ചൊരു പുളിയുറുമ്പിനോട്
നാഗരികമായി പടവെട്ടുകയാവും.


മെയ്‌ദിനം
ഇച്ചുടില്‍
തളര്‍ന്നൊരു ഏ.സിക്ക് 
ഞാനൊരു 
പ്രളയമാണെന്നു തോന്നി
ആ കൊടുംയന്ത്രമലറി
നിന്നെ ഞാനൊരു 
ചുഴിയായി പുറത്തേക്കുതള്ളാം
പുറത്തൊരു 
കടലിരമ്പുന്നു.

യാത്ര പോകുമ്പോള്‍ഉറുമ്പുപെണ്ണുങ്ങളുടെ
മൗനമഹാജാഥയൊരു
ജിലേബിത്തുണ്ടിന്മേലുടക്കി  
അതിലൊരു കേമി
പൊടുന്നനെ
ജിലേബിയൊരുതരി ചുണ്ടിലമര്‍ത്തി
ചുകപ്പന്‍ ലിപ്സ്റ്റിക് പൂശി.

*ഈ ബ്ലോഗിലെ ചിത്രങ്ങള്‍ക്ക് കടപ്പാട് ശ്രീ.Google

Saturday, October 2, 2010

കുടിയിറക്ക്കാറ്റേ മിണ്ടുല ഞാന്‍

എന്‍റെയുടുപ്പിലെ
ചുവന്ന പുള്ളികള്‍
ആഞ്ഞാഞ്ഞു വീശി
പടിഞ്ഞാറേ  മാനത്ത്
കൊണ്ടാക്കിയില്ലേ ...

കാറ്റേ
പൊയ്ക്കോ അവിടുന്ന്

ഉമ്മവെക്കാന്‍
വന്നൊരപ്പുപ്പന്‍താടിയെ
വെണ്‍മേഘക്കിടക്കയില്‍
ഒളിപ്പിച്ചില്ലേ.

കാറ്റേ
കൊണിയണ്ട

അമ്മ എണ്ണയിട്ടു
കോതിയ മുടിയില്‍
ഇനി നിന്‍റെ
കൈവേല വേണ്ട

കണ്ടില്ലേ,
നമ്മുടെ
വീടുപൊളിച്ച,വിടെയൊരു
കൂറ്റന്‍ കാറ്റാടി വരുന്നു.

കുന്നിറങ്ങയാണ്
അച്ഛനുമമ്മയും.
എന്‍റെ കയ്യില്‍ പിടിച്ചോ
ഇവിടെ നീയിനി
ഒറ്റയാവില്ലേ..