Friday, September 24, 2010

IX-Bയില്‍

ക്ലാസ്മുറിയില്‍ 
കളിയാക്കി ചോദിച്ചതാണ് :
ഏട്ടിലെ പശു 
പുല്ലു തിന്നാതായതെങ്ങനെ ?


മെലിഞ്ഞു ചടച്ച പയ്യന്‍ 
പതിഞ്ഞ ഒച്ചയില്‍ പറഞ്ഞു:
അതൊരു ഇലപൊഴിയും 
കാലമായിരുന്നു .
എന്നിട്ടും പശൂന്
തിന്നാന്‍ കിട്ടിയത്
പ്ലാസ്റ്റിക് കവറുകള്‍ മാത്രം.


പ്രാതലായി 
കവറുകള്‍ ചവയ്ക്കുമ്പോള്‍  
ഇനിയൊരിക്കലും 
വിശക്കല്ലേ എന്ന് 
ആമാശയത്തെ
ഭീഷണിപ്പെടുത്തുകയാണ്,പശു.


പൊടുന്നനെ ക്ലാസ്സില്‍ 
കൂട്ടച്ചിരിയായി.
പൊട്ടിക്കരച്ചിലോളമെത്തി
പറഞ്ഞവന്‍:
കീടനാശിനികുടിച്ചാണമ്മ...
       2
സ്ക്കൂളുവിട്ട 
വൈകുന്നേരം 
ഇടവഴിയില്‍ 
ഒരു ശ്വാന മുഖംമൂടിയുമായി 
കാത്തുനിന്നു;
അവന്‍ .


മാഷേ .....
(തീപ്പൊരിയൊരു
പന്തത്തിലെന്നപോല്‍,
ജ്വലിക്കുന്നുണ്ട്
കഴുത്തിന്നു മീതേ,
തലയോട്ടിയോടൊട്ടി
മേല്‍ത്തരം മുഖംമൂടി )


തിരയുകയാണവന്‍ 
എന്‍റെ ചുറ്റിലും ;
പുറപ്പെട്ടുപോയ 
മൃദുവായൊരു  
കാല്പാടുകള്‍ .Wednesday, September 15, 2010

പമ്പരം


കറങ്ങി-
ത്തിരിയുമ്പോഴാണ്
പമ്പരം
ലോകം കാണുന്നത് .
തര്‍ക്കം ജീവിതവിജയം
നേടിയവരുടെ
ഉല്ലാസയാത്ര
ഹെയര്‍പിന്‍ വളവിലുടക്കി .
തര്‍ക്കമായി.
ആരുടേതാണ്‌
കുറിയ(കൊടിയ)
വഴി ?
കാമുകിയോട് 


സംസാരിച്ചു കൊണ്ടേ
ഇരിക്കുന്നതിനാല്‍
കാടിന് ,
പുഴയ്ക്ക്,
മരണത്തിന്,
നിനക്ക്
ഭുതകാലമില്ല

Wednesday, September 8, 2010

ഒറ്റ


ഒരു ധ്യാനത്തിനും
ഏകാഗ്രത
വാഗ്ദാനം ചെയ്യാനാകില്ല.
ഇപ്പോള്‍
ഈ കുന്നുകയറി
കിതച്ചുവരുന്ന
വസന്തത്തിനു
കൊഴിഞ്ഞു പോയൊരീ പൂവിനെ
പുണരാനാകാത്തത് പോലെ.
റോഡുനിയമം
വലതുവശം ചേര്‍ന്നുനടക്കാന്‍
റോഡുമുറിച്ചു
കടക്കവേ 
വണ്ടിതട്ടി 
മരിച്ചു.
പ്രണയപര്‍വ്വം

പ്രണയസാഫല്യം
ഒരു എലിക്കെണിയാണ്
അകത്തായാല്‍
പൂച്ചയെ പേടിക്കേന്ടെന്നുമാത്രം.
പെന്‍സില്‍


റബ്ബറുവെച്ച
പെന്‍സിലോരേകാധിപതി
ഒരൊറ്റക്കരണം മറിച്ചിലില്‍
എഴുതിയതൊക്കെയും
മായ്ച്ചുകളയും.

Wednesday, September 1, 2010

    റേഡിയോ ജോക്കികളുടെ
മലയാളംക്ലാസില്‍
'ഴ 'യുടെ പ്രസക്തി
മനസ്സിലാകാതൊരു പെണ്ണ്  
വഴക്കിട്ടുപോയി


വീടുപണി
മാസശമ്പളക്കാരന്‍റെ
പഴയവീടുപൊളിക്കുമ്പോള്‍
ചുമരിലെ
പല്ലികള്‍ക്ക്‌
ഉടുമ്പിന്‍റെ വീര്യം.ഋതുമതി മരമറിയാതെ,
കാറ്ററിയാതെ,
അണ്ണാറക്കണ്ണന്‍മാരറിയാതെ
കൊണിച്ചിയായൊരു   
മധുരപ്പുളിങ്ങ 
പഴുത്തുനില്‍ക്കുന്നു.


മലകയറ്റം
മലകയറി ഉച്ചിയിലെത്തിയപ്പോള്‍
ജീവിതച്ചുടുകൊന്ടെന്‍
നിലപാട് മാറ്റി ഞാന്‍.

നര

എന്‍റെ  കൈകളിലെ മൈലാഞ്ചി
മൊത്തിക്കുടിക്കുമ്പോളേ 
പറഞ്ഞതല്ലേ
ഇപ്പോഴിതാ  
താടിയില്‍
വെള്ളരാശിക്കൊപ്പം
പറ്റിപ്പിടിച്ച
മൈലാഞ്ചിത്തിളക്കം.