Sunday, June 27, 2010

ഭൂമിയെന്ന് വിളിപ്പേരുള്ള ഗ്ലോബ്

സ്റ്റാഫ്‌മുറിയുടെ മൂലയിലുണ്ട്        
ഭൂമിയെന്ന് വിളിപ്പേരുള്ള ഗ്ലോബ് .

ജൂണഞ്ചിന്‍റെ മരംവെപ്പുകഴിഞ്ഞ്
വെടിപറഞ്ഞിരിക്കവേ തലേനാള്‍ 
വാച്ച്മേന്‍ ശങ്കരന്‍ 
മെഴുകുതിരിവെച്ചു പൊള്ളിച്ച 
പാടുണ്ട് കാണിക്കുന്നു , ഭൂമി .

ഉത്തരായനരേഖവരേക്കും
ഒഴുകിയ മെഴുകിന്‍പാളികള്‍,
കത്തിനശിച്ച പുഴകള്‍,
വരണ്ട കടലുകള്‍,

വടക്കേ അമേരിക്കയ്ക്കു മേലെ  
മൂന്നു സെന്റീമീറ്ററില്‍ 
എത്ര കഴുകിയുണക്കിയാലും 
മാഞ്ഞുപോകാത്തൊരു
തമോഗര്‍ത്തം .

പനിക്കുന്നുണ്ട് 
തെര്‍മോമീറ്റര്‍കൈകളാല്‍ 
തൊട്ടുനോക്കുന്നു ബിന്ദുട്ടീച്ചര്‍ .

Wednesday, June 23, 2010

കടലോരം

മറീന ബീച്ചില്‍
അണ്ണാ സമാധിക്കടുത്ത്
വിജയ്‌, രജനികാന്ത്, നയന്‍‌താര
ഒരാള്‍ പൊക്കത്തിലുള്ള
മനുഷ്യരൂപങ്ങള്‍.
കൂടെ നില്‍ക്കാം ഫോട്ടോ എടുക്കാം
വാങ്കോ സാര്‍.
കടല് കണ്ടാല്‍
കടല കൊറിക്കണം
വരുത്തതോ, പുഴുങ്ങിയതോ ?
സാര്‍ വാങ്ങൂ സാര്‍.
മെലിഞ്ഞുണങ്ങിയ
ഒരു പട്ടം വില്പനക്കാരന്‍
ആത്മാവിലേക്ക്
എപ്പോള്‍ വേണമെങ്കിലും
വലിച്ചടുപ്പിക്കാമെന്ന് പറഞ്ഞ്
ഒരു പട്ടം കയ്യിലേല്‍പിച്ചു.
ആത്മാവിലേക്കുള്ള ചരട്
വെറുതെ തന്നു.

Monday, June 21, 2010

കൊളസ്ട്രോള്‍

കനലില്‍ ചുട്ടെടുത്ത
പപ്പടമുണ്ട്
നിന്‍റെ കൊളസ്ട്രോള്‍
പേടിയ്ക്ക് .
അതിലൊരുതരി
കടിച്ചുമുറിച്ച്,
അങ്ങാടിയില്‍
കഴിച്ചതിന്‍റെ
ഏമ്പക്കവും വിട്ട്
കുലുങ്ങിച്ചിരിക്കുമ്പോഴും
തീരുന്നില്ല
നിന്‍ കുസൃതി.
താരാപഥത്തിലെ
വിരുന്നില്‍
ആയിരം
പാലൊളി തേന്‍കണങ്ങള്‍
മോന്തിയിട്ടും
കൊതിയോടുങ്ങാത്ത
കുടവയറന്‍ .

Wednesday, June 16, 2010

മനസ്സ് ബുദ്ധനല്ല

മലിനമായ തെരുവുകളിലൂടെ
നടക്കുമ്പോള്‍
ബുദ്ധന്‍ ഒരരിപ്പ മാത്രം
.
ചീത്തകളെയൊക്കെ
തന്നിലേക്ക് വലിച്ച്
തെരുവുകളെ നിര്‍മലമാക്കുന്നു.

ചുട്ടുപഴുത്ത പൊടിക്കാറ്റ്
ബുദ്ധനിലൂടൊഴുകിയപ്പോള്‍
ബുദ്ധനൊരു മണ്‍കൂന;
കാറ്റ് ഇളംതെന്നല്‍.

കരിപുരണ്ട കൈകളുള്ള ഒരാള്‍
ബുദ്ധന്‍റെ കരണത്തടിച്ചു.
കൈകളിലെ അഴുക്കു മാഞ്ഞുപോയതു കണ്ട് 


കരഞ്ഞുകൊണ്ടോടി മറഞ്ഞു.

ഇത്രമേല്‍ അഴുക്കുകളെ സംസ്കരിക്കുന്ന 
ബുദ്ധന്‍റെ മനസ്സിനെക്കുറിച്ചോര്‍ത്താരും
സമയം കളയണ്ട.

മനസ്സ് ബുദ്ധനല്ല.

Thursday, June 10, 2010

തുന്നല്‍ക്കാരന്‍

തയ്യല്‍മെഷീന്‍റെ
താളത്തിനൊത്തു
കൈകള്‍ തുഴയാതായപ്പോള്‍
മറവിയുടെ ആഞ്ഞിലി പൂത്തെന്നു
മക്കള്‍ അടക്കം പറഞ്ഞു.

ആകിലെന്ത്
ആഞ്ഞിലി മുറിക്കാം. പുത്തനൊരു
ചുണ്ടന്‍ പണിയാ,മങ്ങനെ
ആവേശക്കൊടുമുടിയില്‍
ഉന്മാദത്തിന്‍റെ തീരം പറ്റാം.

അച്ഛനൊരു പുത്തന്‍ മുറി പണിയാം.
അകത്തു കുളിമുറി,സമയമളക്കുന്ന
നിമിഷസൂചികള്‍.

ആട്ടെ,മക്കളേ
അച്ഛന്‍റെയീ ഒറ്റത്തടിയില്‍
തുന്നല്‍ക്കാരന്‍ പക്ഷിയൊന്നു
കൂടുകെട്ടാന്‍ ചിലക്കുന്നു .
ബാല്യകാലത്തില്‍നിന്നൊരു
ചുള്ളിക്കൊമ്പുമായതെന്‍
ഇടംവലം നിന്ന്
അളവുകളെടുക്കുന്നു.
കാതുകള്‍ക്കു പുറകിലെ
കിന്നാരത്തിന്‍റെ
കാലപ്പഴക്കം കൊത്തിനോക്കുന്നു.

മടങ്ങിവരാമെന്ന വാക്കുമോതി
പറന്നുപോയ കിളിയോടെന്തുചൊല്ലും.
വലിച്ചെറിഞ്ഞുവോ മക്കളേ
എന്നുടെ തയ്യല്‍മെഷീന്‍.

Saturday, June 5, 2010

മഴക്കാലം

മഴക്കാറുമേയുന്ന
ഇടവഴികളിലൂടെ
ചൊല്ലിപഠിച്ചതാണൊക്കെയും 
പക്ഷെ
കാദരുകുട്ടി മാഷിന്‍റെ
ചിന്നം വിളിക്കുന്ന
പുളിവാറലൊന്നു പിടഞ്ഞപ്പോള്‍
തലമണ്ടയിലൊക്കെയും
അടിച്ചുവാരിപ്പോയി.
പെണ്ണേ
കളിയാക്കി ചിരിച്ചതല്ലേ
ഇപ്പോള്‍ കേട്ടോളു
നിന്നോടു പറയുമ്പോള്‍ മാത്രം
എനിക്കായിരം നാവ്,
പറഞ്ഞിട്ടും തീരാത്ത
ജീവിതപാഠങ്ങള്‍.
തെല്ലിട നില്‍ക്കു
മഴയൊന്നു കനക്കട്ടെ
കണ്ടിട്ടില്ലിതേവരെ
മഴയൊട്ടിയ നിന്‍ മേനി.