Saturday, May 29, 2010

രാവണനും വിടചൊല്ലിയ ലങ്ക

യുദ്ധത്തില്‍ മരിച്ചവര്‍ക്കുള്ള
സര്‍ട്ടിഫിക്കറ്റുകള്‍
വിതരണത്തിനു വച്ചിട്ടുണ്ട്.
മേനികടലാസില്‍      
ബഹുവര്‍ണ അച്ചടി.
കിട്ടിയവര്‍ മണപ്പിച്ചു നോക്കി.
കിട്ടാതെ മുറുമുറുത്തവരുടെകൂടെ
ആയിരം കുട്ടിപട്ടാളം.

യുദ്ധത്തില്‍ മരിക്കാന്‍
പ്രായമായില്ല പോലും.
കൂടരേ വരിക
ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല
മരിച്ചതിനും വേണ്ടേ ഒരു തെളിവ്.

നായിന്‍റെമക്കളേ
സ്കൂളില്‍ പോകാതെ
ഉന്നം പഠിച്ചതാണ്,
ബോംബ്‌ പോട്ടിച്ചതാണ്,
ജെലാറ്റിന്‍ സ്റ്റിക്ക് അരയില്‍
തിരുകി കാട്ടിലൂടോടിയതാണ്.
ഒളിച്ചുകളിപോലെ
കളിച്ചുകൊണ്ടിരിക്കെ
യുദ്ധമങ്ങുതീര്‍ന്നു.

വീട്ടുകാര്‍ക്ക്
ഈയൊരു സര്‍ട്ടിഫിക്കറ്റ് വേണംപോല്‍.
പാതിരാത്രിയി,ലുറക്കത്തിന്‍റെ
ഇടവേളകളിലവരെ
കുടലുമാല പുറത്തേക്കു ചാടിയ
ഞങ്ങളുടെ പ്രേതങ്ങള്‍
ഒളിഞ്ഞു നോക്കുന്നത്രേ.

സാര്‍......
മരിച്ചതിനും വേണ്ടേ ഒരു തെളിവ് .

Monday, May 24, 2010

മരത്തടിയന്‍

അങ്ങനെ
ഒരു ആഗോളതാപനകാലത്ത്
കിണറ്റിലെ വെള്ളം വറ്റി.
ആരാണ്ടാ വെള്ളം വറ്റിച്ചത്
കുട്ടികള്‍ ചുറ്റിലും നോക്കവേ
തൊടിയിലെ യൂക്കാലി
വിറച്ചു നില്‍ക്കുന്നു.
വെള്ളം കുടിച്ചുന്മത്തനായ
നാല്പതു മീറ്റര്‍ പൊണ്ണത്തടി.
ചുവട്ടില്‍ മൂത്രമൊഴിക്കാനായി
കുട്ടികളോടിചെല്ലവേ
ഇലകള്‍ പൊഴിച്ചുകൊണ്ടൊരു ലോഹ്യം.
ചുണ്ട് തുടച്ച്
അടിവേരിലൊളിക്കുന്ന
ഏകാന്തചിത്തന്‍

Thursday, May 20, 2010

ഇരകള്‍

ജീവിതത്തിലേക്കിങ്ങനെ
തുള്ളണ്ട
മീനേ
കൊറ്റികള്‍ സാപ്പിടും
വാ ഒളിച്ചിരിക്കാം
എന്‍റെയീ ചുണ്ടക്കുരുക്കില്‍
              2
കള്ളുഷാപ്പിന്‍റെ
കുശിനിയില്‍
ഒരു കരിങ്കല്‍ചുവരില്‍
ചേര്‍ത്തുനിര്‍ത്തി
ഞാനവന്‍റെ തോലുരിച്ചു.
അരികില്‍
നുരയുന്ന ചുണ്ടക്കൊളുത്തുകള്‍  
             3
ഇരുട്ടിന്‍റെ
വാതില്‍ തുറന്ന്
ഇരുട്ടിലേക്ക്...
ബോധത്തിന്‍റെ സാക്ഷയിട്ടില്ല
അതിനാല്‍
നിനക്കെന്‍റെ മാംസത്തില്‍
ഉപ്പുപുരട്ടാം

Thursday, May 13, 2010

കുടുംബകോടതിയില്‍ കേട്ടത്

ബഹുമുഖപ്രതിഭയുള്ളൊരു
എട്ടുകാലി
അടുക്കളയില്‍
വല വിരിച്ചു.

പിന്നെയത്
ഒരു വെള്ളിരേഖയുമായി
കിടപ്പറയിലേക്ക് വന്നു.

വാസ്തു നോക്കി
പണി തുടങ്ങി

Saturday, May 8, 2010

കാലാതീതന്‍

ഗുജറാത്ത്‌
ഓട്ടോ എക്സ്പോയില്‍
നിനച്ചിരിക്കാതൊരു
നീണ്ടുമെലിഞ്ഞ വൃദ്ധന്‍
കയറിച്ചെന്നു
തെക്കോട്ടുപോകാനാണേല്‍
ഈ കാറിന്‍റെ ഹോണൊന്നു കേട്ടാല്‍മതി
കുറുക്കന്മാര്‍ വട്ടംചെന്നു
ഞൊടിയിടകൊണ്ടാ ദൃഢഗാത്രന്‍
പാല്‍പുഞ്ചിരിയോടെ മൊഴിഞ്ഞു
തിരുത്തുവാനുണ്ട്
തെറ്റുകളേറെ
വേണമെനിക്കൊരു കാര്‍
ഐന്‍സ്റ്റീന്‍ ചൊന്നപടി
സമയകാലങ്ങളെ
കീറിമുറിക്കാനൊരു കാര്‍
തിരുത്തുവാനുണ്ട് സബര്‍മതി
ആളുകള്‍ ഞെട്ടിത്തരിച്ചു
ക്യാമറാഫ്ലാഷുകള്‍ മിന്നി
പുറകിലൊരായിരംപേരുമായി
കൊടുങ്കാറ്റ്കണക്കയാള്‍
പുറത്തേക്കുപോകവേ
എം.ബി.എ വിദ്യാര്‍ഥികള്‍ തലചൊറിഞ്ഞു
ആരാണീ ബിസിനസ് മാഗ്നെറ്റ്

Friday, May 7, 2010

മരണക്കിടക്കയില്‍

See full size image
പഴയോരീ മുറിയിലേക്കെന്‍
കൊച്ചുമോന്‍
ആയിരം സുര്യനുമായി
വിരുന്നുവന്നു
മിണ്ടിയിരിക്കാനീചുമരില്‍
തിക്കിയും തിരക്കിയും
സുര്യന്മാര്‍
വെയിലുപോകുംമുന്നെന്‍
മുത്തശ്ശാ
കണ്ടുതീര്‍ക്കുകി
പകലോനെമുഴുവനും
കണ്ണുപിടിക്കില്ലെനിക്കറിയാം
എങ്കിലും
മഴവില്ലിനെയിപ്പോള്‍
പിടിച്ചുവരാം

സ്കൂള്‍പറമ്പ്

See full size image
കണക്കുപുസ്തകം
ഇനിമേല്‍ ചതുരവടിവില്‍
വേണ്ടെന്‍റെ ടീച്ചറേ
അതോരുരുളയാക്കി
പന്തുപോല്‍ ചുരുട്ടണേ
 എട്ടാംപാഠം
മുന്നാംപാഠത്തിലുമ്മവെക്കുമപ്പോള്‍
പുതിയ വഴികളിലുടെ
കണക്കെല്ലാം മണ്ടിപായവേ
ഇവിടെ
ഇടത്തേ കോര്‍ണറില്‍
ആരാലും വളയാത്ത ഞാന്‍
പന്തെന്‍ കാലിലേക്കു
പകരുകെന്‍ ടീച്ചറേ
ഞാനിതിനെയടിച്ചു
പമ്പകടത്താം

Thursday, May 6, 2010

കാറ്റിനോട്‌

ആകാശത്തെ പ്രകമ്പനം
കൊള്ളിച്ചുകൊണ്ട്
ഞങ്ങളുടെ ഉണ്ണിയേശു*
ചായക്കടയില്‍
പൊറോട്ടയടിക്കാറുണ്ട്
ഉണ്ണിയേശുവിനൊരു
വ്യാജ പ്രൊഫൈല്‍ വേണം
ഗതകാല ജീവിതമത്രയും
മായ്ച്ചുകളഞ്ഞ്
പുതിയൊരു ജോലിതേടാന്‍

*El Niño..സ്പാനിഷ്‌ ഭാഷയില്‍ Little Christ

Sunday, May 2, 2010

മടക്കം

ജീവിതമൊരു
കടലാണെന്നു പറഞ്ഞതിനാലൊരു
 വഞ്ചി പണിയണം
അമ്പതാംവയസ്സിന്‍റെകടവില്‍
അതിനെ കെട്ടിയിടണം
അക്കരെ നിന്ന്
നീയൊന്നു കൂവിയാല്‍ മതിയെടോ
എനിക്ക് വെക്കം മടങ്ങണം

മെയ്‌ദിനം

ഇച്ചുടില്‍
തളര്‍ന്നൊരു എ.സിക്ക്
ഞാനൊരു 
പ്രളയമാണെന്നു തോന്നി 
ആ കൊടുംയന്ത്രമലറി
നിന്നെ ഞാനൊരു 
ചുഴിയായി പുറത്തേക്കുതള്ളാം
പുറത്തൊരു 
കടലിരമ്പുന്നു