Thursday, November 11, 2010

മീന്‍കാരന്‍

റോഡിന്‍റെ
ഞരമ്പുകളിലൂടെ
രക്തം പോല്‍
ഒഴുകിയിട്ടും
മീന്‍കാരന്‍
ധനികനായില്ല.

യാത്ര

തോണിയില്‍ രണ്ടുപേര്‍
അയാളൊരു വടക്കുനോക്കിയന്ത്രം
ഞാന്‍ തെക്കന്‍ കുരിശും.
തോണി രണ്ടായി കീറാം
നിലാവൊളി
രക്തത്തിലൊഴുക്കാം. 

വെളിപാടുകള്‍

വെളിച്ചം എന്നെ 
അടയാളപ്പെടുത്തുമെന്നതിനാല്‍
ഇരുട്ടില്‍ 
ഞാനെന്‍റെ 
വായനാമുറി ഒരുക്കി.

Tuesday, November 2, 2010

പൂമരത്തണലില്‍


അനിവാര്യമായ
യാത്രയായിരുന്നു അത്.

സ്വപ്നവേഗത്തില്‍
മുന്നില്‍ നടക്കുന്നു,ഗുരു.

ഗുരോ,
അങ്ങയോടൊപ്പം 
എത്താന്‍ എനിക്കാവുന്നില്ല
തളര്‍ച്ചയോടെ ശിഷ്യന്‍ പറഞ്ഞു.

ശിഷ്യാ,
തിരിഞ്ഞു നോക്കുക
ഗുരു മൊഴിഞ്ഞു:

നടന്നു തീര്‍ത്ത
വഴികളിലത്രയും
നിന്‍റെ 
കാല്പാടുകള്‍ മാത്രം.

കാലം എന്നെ മാത്രം 
തിരഞ്ഞുപിടിച്ച് 
മായ്ച്ചുകൊണ്ടിരിക്കുകയാണ്.

ഇനി ഞാന്‍
ഒരു പൂമരമാകും.
എന്‍റെ തണലില്‍ 
വിശ്രമിക്കുക.

ഈ യാത്രയില്‍
നീ ഏകനാണ്.


Wednesday, October 27, 2010

കറുപ്പ്ആകാശത്ത്
വിരിയുവാന്‍
വൈകിയെന്ന
ആവലാതിയോടെ
ഒരു മഴവില്ല്
ഓടിപ്പോകുന്നു.

കൂടെ
ഞാനും വരാ,മെന്ന്
ചിണുങ്ങിക്കൊണ്ട്
കറുകറുത്തൊരു കറുപ്പ്
പിന്നാലെ.


സ്കൂള്‍പറമ്പ്

See full size image


കണക്കുപുസ്തകം ഇനിമേല്‍
ചതുരവടിവില്‍ വേണ്ടെന്‍റെ  ടീച്ചറേ
അതൊരുരുളയാക്കി
പന്തുപോല്‍ ചുരുട്ടണേ
                                                
എട്ടാംപാഠം
മുന്നാംപാഠത്തിലുമ്മവെക്കുമപ്പോള്‍ .

പുതിയ വഴികളിലുടെ
കണക്കെല്ലാം മണ്ടിപ്പായവേ
ഇടത്തേ കോര്‍ണറില്‍
ആരാലും വളയാത്ത ഞാന്‍.

പന്തെന്‍ കാലിലേക്കു
പകരുകെന്‍ ടീച്ചറേ
ഞാനിതിനെയടിച്ചു പമ്പകടത്താം.

Tuesday, October 19, 2010

ഭൂബാങ്ക്

          
                     2050-) മാണ്ടിലെ ഒരു പത്രമുണ്ടാക്കുകയാണ് ഏട്ടന്‍ .ഭ്രാന്തായീന്നാ തോന്നുന്നത്. നാളത്തെ പത്രമാവാം. നാല്പതുകൊല്ലം കഴിഞ്ഞുള്ള പത്രം ഇന്നുണ്ടാക്കണോ?

 കല്യാണിക്ക് ഏട്ടന്റെ പരിപാടി അത്രയ്ക്ക് ഇഷ്ട്ടമാകുന്നില്ല.
അവള്‍ തയ്യാറാക്കി മാറ്റിവെച്ച ഒരു പേജെടുത്തു.

"കൃഷിയിടത്തിനായി ഭൂബാങ്കിലേക്ക്..."


ഇത് വട്ടു തന്നെ. പണവും മറ്റും ബാങ്കിലിടും പോലെ ഭൂമിയെടുത്തു ബാങ്കിലിടാന്‍ പറ്റ്വോ? അവള്‍ ആലോചിച്ചു .


പക്ഷെ, ചോദിച്ചത് ഇങ്ങനെ :

" അതെന്താണ് ഈ ഭൂബാങ്ക് ?"
"കല്ലൂസ് , ആ ദൂരെ കാണുന്ന പുഴ ആരുടേതാ?"


ഇതാ ഈ ഏട്ടന്റെ കുഴപ്പം. ചോദിച്ചതിനുത്തരം പറയില്ല പകരം മറുചോദ്യം ചോദിക്കും.
"പുഴയാരുടെയാ? എല്ലാരുടേം  കൂടി."


"അതിനപ്പുറത്തുള്ള മലയോ ?"


"അതും" ഇനി വേറൊരു ചോദ്യം വേണ്ട വിസ്തരിച്ചുകളയാം:
"മനുഷ്യരുടെ ,കിളികളുടെ ,ഓന്തിന്റെ ,പഴുതാരയുടെ,കുറുക്കന്റെ ...."

"മിടുക്കി.ബാക്കി വേണ്ട .ഇനിയൊരു ചോദ്യം ഈ പുരയിടം, ആരുടെതാ?"


ദാ പിന്നേം വരുന്നല്ലോ മണ്ടന്‍ ചോദ്യം.
"ന്താ, സംശയം ,നമ്മുടെ ."
"ന്നുവച്ചാല്‍ നമ്മടെ മാത്രം .കിളികളുടെതല്ല ;മറ്റു ജീവികളുടെതല്ല."


കല്യാണി നാവുകടിച്ചു. പെട്ടിരിക്കുന്നു.
                              
അപ്പൊ , എന്താണാവോ ഈ ഭുമിയുടെ ഉടമസ്ഥത? ഉടമസ്ഥത യുള്ളതാകുമ്പോള്‍ എന്തുമാകാം എന്നോ ? കിളികളെ അങ്ങനെ തടയാമോ?"

"കല്ലൂസ് , അതാണ് പ്രധാന കാര്യം. ഉടമസ്ഥാവകാശമുണ്ടെങ്കിലും ഭൂമിയെ ഇഷ്ടം പോലെ ആക്രമിച്ചു കൂടാ. കുന്നിടിച്ച്‌, വയലുനികത്തി റിസോര്‍ട്ടുകള്‍ പണിയുന്നത് അക്രമമാണ്.ഭൂമിയെ ആവശ്യത്തിന് ഉപയോഗിക്കണം.ഖനനം ചെയ്യുന്നതും , കൃഷി ചെയ്യുന്നതും, വ്യവസായമുണ്ടാക്കുന്നതും ഭൂമിക്ക് കോട്ടം തട്ടാതെ വേണം . മണ്ണ് ഉപയോഗിക്കുവാനുള്ളതാണ് . വില്‍പനചരക്കാക്കുവാനുള്ളതല്ല. മണ്ണിനെ ശരിയായി വിനിയോഗിക്കാനുള്ളതാണ് ഭൂബാങ്ക് ....


അടുത്ത തലമുറയുടെ കയ്യില്‍ നിന്നും നാം കടം വാങ്ങിയതല്ലേ ഈ ഭൂമി ...ഒരു പോറലുമേല്‍പ്പിക്കാതെ തിരിച്ചു കൊടുക്കണ്ടേ ......"
 
                                     ഏറെയൊന്നും മനസ്സിലായില്ലെങ്കിലും മനുഷ്യര്‍ മണ്ണിന്റെ ഉപയോഗത്തിന് ഭൂബാങ്കിനെ സമീപിക്കുന്നതും അവരത് തരംനോക്കി നല്‍കുന്നതും വെറുതെ സങ്കല്‍പിച്ചു.
               
 സങ്കല്പങ്ങളാണ് ചിലപ്പോള്‍ സത്യമായി മാറുക .അവളോര്‍ത്തു.
****************************************************************
2050 ലെ പത്ര വിശേഷങ്ങള്‍ തുടരും.ഭാവിയിലെ നല്ലതും ചീത്തയും ആയ വാര്‍ത്തകള്‍ ഏട്ടനും കല്യാണിയും ചേര്‍ന്ന് ഉണ്ടാക്കുന്നു. നിങ്ങളുടെ നിര്‍ദേശങ്ങള്‍ അറിയിക്കുക.ഈ പോസ്റ്റ്‌ 2010 October 1 ലെ യൂറീക്കയില്‍(Kerala Sasthra Saahithya Parishath പ്രസിദ്ധികരണം ) വന്നത്.ഒരു തുടരന്‍ ആണ് ആലോചന. എന്‍റെ മടികൊണ്ട് നടക്കുമോ എന്ന് സംശയം.
അടുത്ത പോസ്റ്റ്‌ :
ഭൂമിക്ക് പനിക്കുന്നു ...വെള്ളപ്പൊക്കവാര്‍ത്തകള്‍   
(കൂട്ടരേ ഓടി രക്ഷപ്പെട്ടോളൂ.........ആയിരത്തിയൊന്നാംരാവിപ്പോള്‍ ബാലസാഹിത്യവും എഴുതുന്നു ) 

Thursday, October 14, 2010

നിലാവുള്ള രാത്രിയില്‍ജെസിബിയാണ്
കുതിരയെക്കാള്‍  നല്ല
ലൈംഗിക ചിഹ്നം.

ഒന്നരയേക്കര്‍
പറമ്പ് കിളക്കാന്‍ വന്ന
ജെസിബി ജന്നലിനപ്പുറത്ത്
നിലാവില്‍ കുളിച്ചുതിളങ്ങുന്നു.


പ്രിയനേ, നീയെന്നില്‍
യന്ത്രകൈകളാവൂ
ഞാന്‍ നിന്‍റെ കുതിപ്പിനെമയപ്പെടുത്താന്‍
ആകാശത്തെ പുതച്ചവള്‍.
സായന്തനം


മുച്ചനെലി കയറിയ വീട്ടില്‍
കലപില ശബ്ദം.

അയാളവളുടെ
നുണക്കുഴിയോടൊട്ടി പറഞ്ഞു:
ചില്‍ ..ചില്‍...

രക്തവാതക്കിടക്കയില്‍ നിന്നവള്‍
സ്വപ്നവേഗം വാരിപൂശി
ഓടിയൊളിച്ചു.

തിരയുക
ഞാന്‍ ഒളിച്ചിരിക്കാം  .മഴക്കാറ്


പുലി മടയിലൊളിച്ചു
മട പാറയിലൊളിച്ചു  
പാറ നിന്നിലൊളിച്ചു.

ഞാന്‍ അടുത്തുവരവേ
പാറപോലുറച്ച്
എന്തേ നിനക്കൊരു
പെണ്‍പുലിതന്‍  ചീറ്റല്‍.

Friday, October 8, 2010

നാഗരികംനഗരത്തിരക്കിനിടയിലും
അയാള്‍
ഓഷോയെ
ധ്യാനിക്കുന്നതാകാം.

അല്ലെങ്കില്‍
ഫ്ലാഷ്  മോബ്
പരിശീലിക്കുകയാവും.

അതുമല്ലെങ്കില്‍
മര്‍മ്മത്തില്‍
കടിച്ചൊരു പുളിയുറുമ്പിനോട്
നാഗരികമായി പടവെട്ടുകയാവും.


മെയ്‌ദിനം
ഇച്ചുടില്‍
തളര്‍ന്നൊരു ഏ.സിക്ക് 
ഞാനൊരു 
പ്രളയമാണെന്നു തോന്നി
ആ കൊടുംയന്ത്രമലറി
നിന്നെ ഞാനൊരു 
ചുഴിയായി പുറത്തേക്കുതള്ളാം
പുറത്തൊരു 
കടലിരമ്പുന്നു.

യാത്ര പോകുമ്പോള്‍ഉറുമ്പുപെണ്ണുങ്ങളുടെ
മൗനമഹാജാഥയൊരു
ജിലേബിത്തുണ്ടിന്മേലുടക്കി  
അതിലൊരു കേമി
പൊടുന്നനെ
ജിലേബിയൊരുതരി ചുണ്ടിലമര്‍ത്തി
ചുകപ്പന്‍ ലിപ്സ്റ്റിക് പൂശി.

*ഈ ബ്ലോഗിലെ ചിത്രങ്ങള്‍ക്ക് കടപ്പാട് ശ്രീ.Google

Saturday, October 2, 2010

കുടിയിറക്ക്കാറ്റേ മിണ്ടുല ഞാന്‍

എന്‍റെയുടുപ്പിലെ
ചുവന്ന പുള്ളികള്‍
ആഞ്ഞാഞ്ഞു വീശി
പടിഞ്ഞാറേ  മാനത്ത്
കൊണ്ടാക്കിയില്ലേ ...

കാറ്റേ
പൊയ്ക്കോ അവിടുന്ന്

ഉമ്മവെക്കാന്‍
വന്നൊരപ്പുപ്പന്‍താടിയെ
വെണ്‍മേഘക്കിടക്കയില്‍
ഒളിപ്പിച്ചില്ലേ.

കാറ്റേ
കൊണിയണ്ട

അമ്മ എണ്ണയിട്ടു
കോതിയ മുടിയില്‍
ഇനി നിന്‍റെ
കൈവേല വേണ്ട

കണ്ടില്ലേ,
നമ്മുടെ
വീടുപൊളിച്ച,വിടെയൊരു
കൂറ്റന്‍ കാറ്റാടി വരുന്നു.

കുന്നിറങ്ങയാണ്
അച്ഛനുമമ്മയും.
എന്‍റെ കയ്യില്‍ പിടിച്ചോ
ഇവിടെ നീയിനി
ഒറ്റയാവില്ലേ..

Friday, September 24, 2010

IX-Bയില്‍

ക്ലാസ്മുറിയില്‍ 
കളിയാക്കി ചോദിച്ചതാണ് :
ഏട്ടിലെ പശു 
പുല്ലു തിന്നാതായതെങ്ങനെ ?


മെലിഞ്ഞു ചടച്ച പയ്യന്‍ 
പതിഞ്ഞ ഒച്ചയില്‍ പറഞ്ഞു:
അതൊരു ഇലപൊഴിയും 
കാലമായിരുന്നു .
എന്നിട്ടും പശൂന്
തിന്നാന്‍ കിട്ടിയത്
പ്ലാസ്റ്റിക് കവറുകള്‍ മാത്രം.


പ്രാതലായി 
കവറുകള്‍ ചവയ്ക്കുമ്പോള്‍  
ഇനിയൊരിക്കലും 
വിശക്കല്ലേ എന്ന് 
ആമാശയത്തെ
ഭീഷണിപ്പെടുത്തുകയാണ്,പശു.


പൊടുന്നനെ ക്ലാസ്സില്‍ 
കൂട്ടച്ചിരിയായി.
പൊട്ടിക്കരച്ചിലോളമെത്തി
പറഞ്ഞവന്‍:
കീടനാശിനികുടിച്ചാണമ്മ...
       2
സ്ക്കൂളുവിട്ട 
വൈകുന്നേരം 
ഇടവഴിയില്‍ 
ഒരു ശ്വാന മുഖംമൂടിയുമായി 
കാത്തുനിന്നു;
അവന്‍ .


മാഷേ .....
(തീപ്പൊരിയൊരു
പന്തത്തിലെന്നപോല്‍,
ജ്വലിക്കുന്നുണ്ട്
കഴുത്തിന്നു മീതേ,
തലയോട്ടിയോടൊട്ടി
മേല്‍ത്തരം മുഖംമൂടി )


തിരയുകയാണവന്‍ 
എന്‍റെ ചുറ്റിലും ;
പുറപ്പെട്ടുപോയ 
മൃദുവായൊരു  
കാല്പാടുകള്‍ .Wednesday, September 15, 2010

പമ്പരം


കറങ്ങി-
ത്തിരിയുമ്പോഴാണ്
പമ്പരം
ലോകം കാണുന്നത് .
തര്‍ക്കം ജീവിതവിജയം
നേടിയവരുടെ
ഉല്ലാസയാത്ര
ഹെയര്‍പിന്‍ വളവിലുടക്കി .
തര്‍ക്കമായി.
ആരുടേതാണ്‌
കുറിയ(കൊടിയ)
വഴി ?
കാമുകിയോട് 


സംസാരിച്ചു കൊണ്ടേ
ഇരിക്കുന്നതിനാല്‍
കാടിന് ,
പുഴയ്ക്ക്,
മരണത്തിന്,
നിനക്ക്
ഭുതകാലമില്ല

Wednesday, September 8, 2010

ഒറ്റ


ഒരു ധ്യാനത്തിനും
ഏകാഗ്രത
വാഗ്ദാനം ചെയ്യാനാകില്ല.
ഇപ്പോള്‍
ഈ കുന്നുകയറി
കിതച്ചുവരുന്ന
വസന്തത്തിനു
കൊഴിഞ്ഞു പോയൊരീ പൂവിനെ
പുണരാനാകാത്തത് പോലെ.
റോഡുനിയമം
വലതുവശം ചേര്‍ന്നുനടക്കാന്‍
റോഡുമുറിച്ചു
കടക്കവേ 
വണ്ടിതട്ടി 
മരിച്ചു.
പ്രണയപര്‍വ്വം

പ്രണയസാഫല്യം
ഒരു എലിക്കെണിയാണ്
അകത്തായാല്‍
പൂച്ചയെ പേടിക്കേന്ടെന്നുമാത്രം.
പെന്‍സില്‍


റബ്ബറുവെച്ച
പെന്‍സിലോരേകാധിപതി
ഒരൊറ്റക്കരണം മറിച്ചിലില്‍
എഴുതിയതൊക്കെയും
മായ്ച്ചുകളയും.

Wednesday, September 1, 2010

    റേഡിയോ ജോക്കികളുടെ
മലയാളംക്ലാസില്‍
'ഴ 'യുടെ പ്രസക്തി
മനസ്സിലാകാതൊരു പെണ്ണ്  
വഴക്കിട്ടുപോയി


വീടുപണി
മാസശമ്പളക്കാരന്‍റെ
പഴയവീടുപൊളിക്കുമ്പോള്‍
ചുമരിലെ
പല്ലികള്‍ക്ക്‌
ഉടുമ്പിന്‍റെ വീര്യം.ഋതുമതി മരമറിയാതെ,
കാറ്ററിയാതെ,
അണ്ണാറക്കണ്ണന്‍മാരറിയാതെ
കൊണിച്ചിയായൊരു   
മധുരപ്പുളിങ്ങ 
പഴുത്തുനില്‍ക്കുന്നു.


മലകയറ്റം
മലകയറി ഉച്ചിയിലെത്തിയപ്പോള്‍
ജീവിതച്ചുടുകൊന്ടെന്‍
നിലപാട് മാറ്റി ഞാന്‍.

നര

എന്‍റെ  കൈകളിലെ മൈലാഞ്ചി
മൊത്തിക്കുടിക്കുമ്പോളേ 
പറഞ്ഞതല്ലേ
ഇപ്പോഴിതാ  
താടിയില്‍
വെള്ളരാശിക്കൊപ്പം
പറ്റിപ്പിടിച്ച
മൈലാഞ്ചിത്തിളക്കം.

Tuesday, August 24, 2010

സഞ്ചാരിയും ഗാമയും

സഞ്ചാരിയെന്നു
പരിചയപ്പെടുത്തിയ
ജോസഫിനെ കുത്തിനു പിടിച്ച്,
ഫോര്‍ട്ട്‌ കൊച്ചി
സെന്‍റ് ഫ്രാന്‍സിസ് പള്ളിയിലെ
ശവക്കല്ലറകളിലോന്നിലേക്ക്
ചേര്‍ത്ത് നിര്‍ത്തി
ഗാമ ചോദിച്ചു:
കറങ്ങിത്തിരിയുന്ന ആത്മാവേ
വരുന്ന വഴിക്ക്
കായലില്‍
ഒഴുക്കിനൊപ്പം നീന്തുന്ന
ചത്ത മീനുകളെ കണ്ടോ ?

ഈ ഭുമിയിലെ വിയര്‍പ്പെല്ലാം വിയര്‍ക്കുന്ന
അന്യ നാട്ടിലെ പണിക്കാരനെ കണ്ടോ ?

നരച്ചിട്ടും നിറമുണ്ടെന്നു
വാദിക്കുന്ന കൊടികള്‍,
റോഡിലേക്ക് ചിതറിത്തെറിക്കുന്ന
ചോര പൂക്കള്‍ ,
ഉടുത്തിട്ടും ശരിയാകാത്ത
ഉടയാടകളുമായി
തെരുവിന്റെ അരക്കെട്ട്
വിഷക്കായ തിന്നു നീലിച്ചത് ?കണ്ടുവോ ?

'എന്നെ വിടുക
ഞാനിതെല്ലാം പോയി കണ്ടുവരാം'
സഞ്ചാരി കേണു പറഞ്ഞു.

ഗാമ പിടിമുറുക്കി .
എഴുതി ശരിയാകാത്തൊരു-
കവിതപോലയാളെ ചുരുട്ടിക്കൂട്ടി.
അടുത്തു കണ്ടൊരു
ചവറ്റുകുട്ടയിലേക്ക്
വലിച്ചെറിഞ്ഞു .

Thursday, August 19, 2010

ഒരു പൂവന്‍ കോഴിയുടെ അപഥസഞ്ചാരങ്ങള്‍


കോഴിയിറച്ചിവില
നൂറ്റിയിരുപതെന്നു
കേട്ടമാത്രയില്‍   
ഇറച്ചിവെട്ടുകടയുടെ 
അടുത്തുകൂടെപോയ
ഒരു നാടന്‍ പൂവന്‍ കോഴിയുടെ 
ഉദ്ധാരണം നഷ്ടപ്പെട്ടു.

കൌണ്സിലിംഗ് സെന്ററില്‍ 
പലവുരു പറഞ്ഞു നോക്കി 
വാളയാര്‍കടന്നുവരുന്ന 
വണ്ടികളില്‍ 
കൊക്കുരുമ്മിക്കൊണ്ടൊരു
കോഴിയും 
കിന്നാരം പറയുന്നില്ലെന്ന്.

നിസ്സഹായനായ 
പൂവന്‍കോഴി
പുറത്തേക്കിറങ്ങി.
ഒരു പറവയാകുവാന്‍
വഴിനീളെ 
ശരീരഭാരങ്ങളെ 
പൊഴിച്ചു കൊണ്ടിരുന്നു.

Sunday, August 8, 2010

മരമുത്തശ്ശന്‍

അച്ഛന് ട്രാന്‍സ്ഫര്‍
കിട്ടിയപ്പോള്‍
വേരോടെ പിഴുതെടുത്തതാണ്
ഈ ബോണ്‍സായ് മരം.

പുതിയ വീട്ടിലൊക്കെയും
അടുക്കിപ്പെറുക്കിയിട്ടും
ബാക്കിയായി
വരാന്തയില്‍
ഈ വയസ്സന്‍ മരം .

ഇവിടുത്തെ ശീലങ്ങള്‍
ഇനി എങ്ങനെയെന്ന്
പിറുപിറുക്കും
പാതിരാത്രിയില്‍
അച്ഛനുമമ്മയും.

അപ്പോള്‍
നിലാവത്ത്
ഉലാത്തുകയാവും
മരമുത്തശ്ശന്‍.

രാവേറെചെല്ലുമ്പോള്‍
തണുത്തുമരവിച്ച്
മുറ്റത്തൊരു കോണില്‍
വിറച്ചുനില്‍ക്കും.

അതിരാവിലെ വരുന്ന
പാല്‍ക്കാരനോട്
കുശലം ചോദിക്കാന്‍
കാത്തിരിപ്പാണ് മരം.

Saturday, July 31, 2010

@പൂച്ച.com

ഡിറ്റി മേരി വില്‍സന്‍റെ
കമ്പ്യൂട്ടര്‍ മുറിയില്‍
പൂച്ച പ്രസവിച്ചു.

അമ്മിഞ്ഞ നുണയും മുമ്പേ
ഇന്റര്‍നെറ്റിലൂടെ
മില്‍മയെന്നൊരു പാലുണ്ടെന്ന്
അറിഞ്ഞൂ പുച്ചക്കുഞ്ഞുങ്ങള്‍.

മോണിറ്റര്‍ നക്കി
മേനികൂട്ടിയതിലരിശം പൂണ്ട്
ഡിറ്റിയവറ്റയെ
ദൂരേക്ക് വലിച്ചെറിഞ്ഞു.

ഗൂഗിള്‍മാപ്പുവഴി
വഴി തിരഞ്ഞ്
ഇരുട്ടിന്നു മുന്നേ
തിരിച്ചെത്തിയൊക്കെയും.

ഇന്റര്‍നെറ്റില്ലാത്തൊരു
ലോകമതുണ്ടോ?
പൂച്ചകളെ പെട്ടിയിലാക്കി,
വണ്ടിയില്‍ കയറ്റി തിരച്ചിലായി .

ഒടുവില്‍
മലപ്പുറം മീന്‍ മാര്‍ക്കറ്റില്‍
കൊണ്ടിറക്കി .

തിരിച്ചുവന്നില്ല
പൂച്ചകള്‍.

Sunday, July 25, 2010

കാണാതാകുന്നവ....

പോലീസ്‌സ്റ്റേഷന്‍റെ പുറകില്‍ 
തുരുമ്പിന്‍റെ മുഖാവരണങ്ങണിഞ്ഞ് 
നമ്രമുഖികളായ 
വാഹനങ്ങള്‍

പരന്നുകിടക്കുന്നു.

പൊടിപിടിച്ചിട്ടുണ്ട് 
ചില്ലുകളെങ്കിലും 
ഇരുട്ടിനെപോലും 
പദാനുപദം 
വിവര്‍ത്തനം ചെയ്യുന്നു .

ഒളിച്ചുകളിക്കിടെ കാണാതായ 
മകളെ തിരഞ്ഞ്
ഒരമ്മ 
ഇടയ്ക്കിടെ വരാറുണ്ടിവിടെ. 

അപ്പോഴെല്ലാം 
വാഹനങ്ങള്‍ 
ഗര്‍ഭപാത്രത്തിനുള്ളില്‍ 
കുഞ്ഞിനെയൊളിപ്പിക്കും.