Saturday, April 7, 2018

നാലുവരി

ഇപ്പോൾ
ഭൂമിയിലേക്കിറങ്ങി വന്ന
നാലുവരി
കവിതയാണിത്

Wednesday, April 4, 2018

കവിയും പരിഭാഷകനും


കവി  ഞാവൽപ്പഴത്തിന്റെ
നിറമുള്ള സാരിയുടുത്ത്
എനിക്കഭിമുഖമായിരുന്നു.

കവി ചോദിച്ചു:
"നിന്റെ ഭാഷയേത്?"

എന്റെ ഭാഷയിലെ
അഭിവാദ്യം കൊണ്ട്
ഞാൻ മറുപടി പറഞ്ഞു.

"ഞാൻ കിടക്കപ്പായിലെ
വിഴുപ്പാണ്
എന്നെ തിളച്ചുമറിയുന്ന
ലാവയെന്ന് പരിഭാഷപ്പെടുത്തുക  "

ഞാൻ വിയർത്തു
ഭാഷ തൊണ്ടയിലുടക്കി.

"നീ വരുമ്പോൾ
മുറ്റത്ത് കണ്ട
നീലശംഖുപുഷ്പം
എന്റെ അവയവവർണനയാണ്.
നിന്റേതെന്ത്?"

വെറുമൊരു
പുരുഷവിലാപമായി
ഞാനഴിഞ്ഞു വീണു.

പരിഭാഷകാ,
കവി എന്നെ
ചേർത്തു പിടിച്ചു:

"വാക്കിനെ തെരുപ്പിടിപ്പിച്ച്
ഉറവപൊട്ടുന്ന
ലവണജലപ്രവാഹത്തിൽ
മുങ്ങുക;നിനക്കായിവിടെ
കവിതയില്ല."
                        

Tuesday, April 3, 2018

മരക്കൊമ്പിൽ ഒരാന

മരക്കൊമ്പിൽ
ഒരാന

കൊമ്പിൽ ചാഞ്ചാടി
ഇലയുടെ
അറ്റത്തേക്ക്,
ഇലയിൽ
കുട്ടിക്കരണം മറിഞ്ഞ്
വായുത്തൊട്ടിലിലേക്ക്

ആനയുടെ
അപ്പുറമിപ്പുറമായി
പൂമ്പാറ്റകൾ
ചിറകടിച്ച്
ആവേശം കയറ്റി.

തിരിച്ചാനേ ആനേ
വായോ വായോ ന്ന്
മരക്കൊമ്പിളകി.
വായുത്തൊട്ടിൽ
ചാഞ്ചക്കം ചാഞ്ചക്കമാടി.

ദൂരെ ദൂരെ
വെള്ളച്ചാട്ടത്തിന്റേം ദൂരെ
കാടൊരുങ്ങി.

ഒരാന
കാടുകയറുന്നു.
             

Tuesday, March 27, 2018

പ്രണയകാലം


ഭോജനശാലയിൽ
നാമിരുവരും
ഭക്ഷണം കഴിച്ചെഴുന്നേറ്റ
അതേ തീൻമേശയിൽ
വന്നിരുന്ന
ചുറുചുറുക്കുള്ള
നമ്മുടെ
പ്രണയകാലം കണ്ടുവോ

നിന്റെ നരച്ച മുടിയിൽ
ത്തഴുകി, നാം
തിരക്കുള്ള
നിരത്തിലേക്ക് നടക്കുമ്പോൾ,
കിതയ്ക്കുന്നയെന്നെ
ചേർത്തുപിടിച്ചു നീ വഴികാണിക്കേ

അവരിപ്പോൾ
വിരലുകളിൽ
പതുക്കെത്തലോടി -
യാദ്യത്തെ പരസ്യ
ചുംബനത്തിന് ചുണ്ടുകോർക്കും

ചില്ലുവാതിലിലൂടെ
നമ്മെയും,
നമ്മളെയാവർത്തിക്കുന്ന
പുതു ജോടികളേയും
മാറിമാറി നോക്കി
കാലം കൊതിക്കെറുവു കാട്ടും
          

Thursday, March 15, 2018

അനന്തതയെക്കുറിച്ച് ഒരു നിർവചനം

വിജനമായ
റെയിൽവേ സ്റ്റേഷനിൽ
നിർത്തിയ
തീവണ്ടിയിൽ നിന്ന്
എല്ലാവരും തല പുറത്തേക്കിട്ട്
നിങ്ങളെ
നോക്കുന്നു.
അഭിവാദ്യമായ് പച്ചക്കൊടി
വീശിക്കൊണ്ട്, നിങ്ങൾ..

ആളുകൾ
തല പുറത്തേക്കിട്ട്,
പിന്നെ യന്ത്രവേഗതയോട്
ജഡതപ്പെട്ട്
പൊയ്പ്പോകുന്ന
അവസാനത്തെ ആൾതീവണ്ടിയാണിത്...

പിന്നെ
ഗുഡ്സ് വണ്ടികളുടെ
നീണ്ട വരവ്

ആഴ്ച്ചയിലൊരിക്കൽ മാത്രം
സിഗ്നൽ കിട്ടാൻ വേണ്ടി
കാത്തിരിക്കുന്ന
ഈ ആൾവണ്ടി
പുറത്തെ
ഏകനായ നിങ്ങളെ
അലിയിച്ചുകളയുന്നതെങ്ങനെ?

എല്ലാരും
തല വെളിയിലേക്കിട്ട്
ഒറ്റയായിപ്പോയ
ഒരു മനുഷ്യനെ
നോക്കി നോക്കി
ചൂളം വിളിച്ച്
മുന്നോട്ട് പോകുന്ന
യന്ത്രത്തിൽ
നിന്നകന്നകന്ന്,
മനുഷ്യക്കാഴ്ച്ചകളെ
യന്ത്രം പിടിച്ചുലച്ചുലച്ച്
നിങ്ങളെ,വേരു പിടിക്കാത്തവനാക്കുന്നു.

അടുത്ത
ആഴ്ച്ചയും
ഇതേ തലകൾ തന്നെ
ഇതേ ഭാവത്തോടെ
നിങ്ങളെ നോക്കുന്നത്
സങ്കല്പിക്കുക...

ആരാണ്
മുന്നോട്ട് ഗമിച്ചത്?
ആരുടെ
യാത്രയെയാണ്
കൊടി വീശിക്കാണിച്ചത്!
   

Saturday, February 17, 2018

പ്രളയത്തിനു മുമ്പ്


ഭൂമിയിലെ അവസാനത്തെ പച്ചത്തവള കുളിമുറിയെ ഒരു  ആവാസവ്യവസ്ഥ-
യെന്നപോൽ കണ്ടു.

ഷവറിൽ നിന്ന് മേഘത്തുള്ളികൾ
പെയ്യിക്കുന്ന മഴ, ദുരൂഹമായ
കുളമായി ക്ലോസറ്റിലെ ജലം.
പൈപ്പിലെച്ചോർച്ചയാൽ വെള്ളച്ചാട്ടം,
അലസമൊരുകോണിൽ പായൽപ്പച്ച,
ചില്ലിലൂടെ ചെരിഞ്ഞുപെയ്യുന്ന സൂര്യൻ,
ടൈൽസിലെ ചിത്രപ്പണികളിൽ
കാടും, കാട്ടാറും, ചതുപ്പും.

ഒരു രാത്രി, മഴയ്ക്കു മുമ്പുള്ള കാറ്റ്,
മഴയ്ക്കു മുമ്പുള്ള കുളിര്,
പിന്നെ ചെറു ചാറ്റൽ മഴ,
ഇലകളുയർത്തിയ ഹുങ്കാരത്തോടെ
മഴ, പെരുമഴ, മഴ മാത്രം.

ആദിമമായ ആ മഴയിലേക്ക് പച്ചത്തവള
കൂട്ടില്ലാതെ ഇറങ്ങുമെന്ന് നമുക്കറിയാം.
ജലം പ്രളയമായി പൊങ്ങുമെന്നും
ഒന്നും അവശേഷിക്കില്ലെന്നും നമുക്കറിയാം.

അവസാനത്തെ പച്ചത്തവള
ഒരു നല്ല ശകുനമായിരിക്കില്ല.